നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലും വിവിധ നഗരങ്ങളിലും ലാവൻഡർ വസന്തമാണ്. ജക്രാന്ത പൂവുകൾ പൂത്തുലഞ്ഞ് നിൽക്കുന്ന മരങ്ങൾ, പൂവുകൾ അടർന്നു വീണു കിടക്കുന്ന വീഥികൾ എന്നിങ്ങനെ മനോഹര കാഴ്ചകളേറെ. കാണാം നയ്‌റോബിയിലെ ജക്രാന്ത വസന്തം.
ഇരുപതാം നൂറ്റാണ്ടന്റെ തുടക്കത്തിൽ തെക്കൻ അമേരിക്കക്കാരോടൊപ്പമാണ് ജക്രാന്ത പൂക്കൾ കെനിയയിൽ എത്തുന്നത്. ചരിത്രത്തിലെ സുപ്രധാനമായ അധിനിവേശങ്ങളിലൊന്ന്. പിടിച്ചടക്കാനെത്തിയവർ പടികടന്നു പോയെങ്കിലും പൂക്കൾ ശേഷിച്ചു. ഒക്ടോബർ നവംബർ മാസങ്ങളിൽ ആ പൂക്കൾ കെനിയയെ വാരി പുണർന്നു.
ആയിരക്കണക്കിന് ജക്രാന്ത മരങ്ങൾ ലാവണ്ടർ നിറത്തിൽ പൂത്തുലഞ്ഞ്, നഗരഹൃദയങ്ങെളയും ഗ്രാമവീഥികളെയും മനോഹരമാക്കുന്നു. വീണ പൂവുകളുടെ ഇതളുകൾക്കുമേൽ മനുഷ്യർ സ്വപ്നം നെയ്തിരിക്കുന്ന കാഴ്ച ഈ വസന്തകാലത് പതിവാണ്.
കാഴ്ചയിൽ വിരുന്നൊരുക്കുന്ന ജക്രാന്തയ്ക്ക് തെക്കൻ ആഫ്രിക്കയിൽ വിലക്കുണ്ട്. ജീനിൽ ഇപ്പോഴും ഒളിഞ്ഞു കിടക്കുന്ന അധിനിവേശ സ്വഭാവമാണ് കാരണം. ഒരു മരം നട്ടാൽ അവിടം ഒരു ജക്രാന്ത കാടായി മാറും. തദ്ദേശീയ മരങ്ങൾക്ക് ഭീഷണിയായി അവ പടരും.
വെള്ളം ഒരുപാട് വലിച്ചെടുക്കുന്ന ജക്രാന്തയെ വിലക്കുകയല്ലാതെ മറ്റു വഴികളുമില്ല. എന്നാലും നെയ്‌റോബിയയിലെ ലാവണ്ടർ വസന്തം ലോകസഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലുൾപ്പെടുന്നുണ്ട്.