ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങ് നടന്നത്. ഈ വർഷം നവംബർ 18 നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
ഇവരുടെ സ്വകാര്യ വിവാഹനിശ്ചയ പാർട്ടിയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എംപി ഡിംപിൾ യാദവ്, ജയ ബച്ചൻ, ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികൾ റിങ്കു സിങ്ങിന്റെയും പ്രിയ സരോജിന്റെയും വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു.
ഇരുവരും ഏറെ നാളായി അടുപ്പത്തിലാണ്. പ്രിയയുടെ സുഹൃത്തിന്റെ അച്ഛനാണ് ഇരുവരെയും തമ്മിൽ പരിചയപ്പെടുത്തിയത്.
സമാജ്‌വാദി പാർട്ടി നേതാവും ഏറ്റവും പ്രായം കുറഞ്ഞ പാർലമെൻ്റ് എംപിമാരിൽ ഒരാളുകൂടിയാണ് പ്രിയ സരോജ്. 2024ൽ മച്ച്‌ലിഷഹറിലെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രിയ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിതാവിനെ പിന്തുടർന്നാണ് പ്രിയ സരേജ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. പിതാവ് തുഫാനി സരോജ് മൂന്ന് തവണ എംപിയും നിലവിൽ യുപിയിലെ കെരകത്തിൽ നിന്നുള്ള എംഎൽഎയുമാണ്.
അലിഗഢ് സ്വദേശിയായ 26കാരനായ റിങ്കു സിങ് 2023ലെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ വിജയം നേടിക്കൊടുത്തുകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയുടെ ടി-20 കിരീടനേട്ടത്തിലും വലിയ പങ്ക് വഹിച്ചിരുന്നു.