അഖിൽ അക്കിനേനിയുടെ വിവാഹച്ചടങ്ങിൽ നിന്ന് Source: X/ Nagarjuna
തെലുങ്ക് യുവതാരവും സൂപ്പർതാരം നാഗാർജുനയുടെ മകനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റാവ്ജി ആണ് വധു. വെള്ളിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹംതെലുങ്ക് സൂപ്പർതാരം നാഗാർജുനയുടേയും മുൻകാല തെന്നിന്ത്യൻ നടി അമലയുടേയും മകനാണ് അഖിൽ. തെലുങ്ക് ആചാരപ്രകാരം നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വെള്ള നിറത്തിലുള്ള വസ്ത്രമാണ് വധൂവരന്മാർ വിവാഹച്ചടങ്ങിൽ ധരിച്ചത്. അഖിൽ അക്കിനേനിയുടെ വേഷം വെളുത്ത കുർത്തയും പഞ്ചയുമായിരുന്നു. വെള്ളയും സ്വർണവും കലർന്ന സിൽക്ക് സാരിയും ഡയമണ്ട് ആഭരണങ്ങളുമാണ് വധു ചടങ്ങിൽ ധരിച്ചത്. നാഗാർജുന തന്റെ മകൻ്റെ വിവാഹ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതൊരു സ്വപ്ന സാക്ഷാത്കാരത്തിൻ്റെ നിമിഷമാണെന്നും, അവർ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹം തേടുന്നുവെന്നും നാഗാർജുന എക്സിൽ കുറിച്ചു.അഖിൽ അക്കിനേനിയുടെ സഹോദരനും നടനുമായ നാഗ ചൈതന്യയും വധൂവരന്മാരോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. നാഗചൈതന്യയുടെ പങ്കാളി ശോഭിത ധൂലിപാലയെയും ചിത്രത്തിൽ കാണാം. സൈനബിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നാഗചൈതന്യ ചിത്രത്തിനൊപ്പം കുറിച്ചു. സൈനബുമായി അഖിൽ വളരെക്കാലമായി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ഇതേക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു1995ൽ പുറത്തിറങ്ങിയ നാഗാർജുനയുടെ സിസിന്ദ്രി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അഖിൽ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അതിനുശേഷം ഏജന്റ് (2023), മിസ്റ്റർ മജ്നു (2019), ഹലോ! (2017), അഖിൽ (2015) തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.