Source: News Malayalam 24x7
PHOTO GALLERY

വീരേന്ദർ സെവാഗ്, THE INDIAN BEAST!

ക്രീസിലെത്തിയാല്‍ ആദ്യ ബോളില്‍ തന്നെ സിക്സറടിച്ച് തുടങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്ന അപൂര്‍വം ബാറ്ററാണ് വീരു. അതുകൊണ്ട് തന്നെ സെവാഗിൻ്റെ ബാറ്റിങ് കണ്ടവരാറും പിന്നീട് അയാളെ മറക്കാനിടയില്ല.

ശരത്‌ലാൽ ചിറ്റടിമംഗലത്ത്
വീരേന്ദർ സെവാഗ്

പറഞ്ഞുവരുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തേയും ഉയർന്ന റൺവേട്ടക്കാരിൽ മുന്നിലുള്ളൊരു മനുഷ്യനെ കുറിച്ചാണ്. ഇന്ത്യയുടെ ആദ്യകാല ടെസ്റ്റ് ക്രിക്കറ്റ് ചരിത്രം മുതൽ ഇങ്ങോട്ടേക്ക് പരിശോധിക്കുമ്പോൾ ക്ലാസിക് ബാറ്റർമാർക്ക് ഇവിടെ ഒരു പഞ്ഞവും ഉണ്ടായിരുന്നില്ലെന്ന് മനസിലാക്കാം. വിരസമായ ടെസ്റ്റ് ക്രിക്കറ്റിൽ ക്ലാസ് തെളിയിക്കുന്നവർക്ക് ഇടയിലേക്ക് ഓടിക്കേറി വന്ന് ക്ഷമയൊട്ടുമില്ലാതെ, ആദ്യ പന്ത് തന്നെ സിക്സർ പറത്തുന്നൊരു ഇന്ത്യ ഓപ്പണറെയാണ് ഇപ്പോൾ ഓർത്തുപോകുന്നത്.

1996ലെ ലോകകപ്പിൽ അന്നുവരെ ഏകദിന ക്രിക്കറ്റിൽ ഉണ്ടായിരുന്ന ഓപ്പണിങ് ബാറ്റിങ് ശൈലിയെ തിരുത്തിക്കുറിച്ചത് ലങ്കൻ ഓപ്പണർമാരായിരുന്ന രമേഷ് കലുവിതരണയും സനദ് ജയസൂര്യയും ചേർന്നായിരുന്നു. വളരെ സാവധാനത്തിൽ നിലയുറപ്പിച്ച് മികച്ചൊരു സ്കോറിലെത്തിയ ശേഷം ആഞ്ഞടിക്കുകയായിരുന്നു ഏകദിന ക്രിക്കറ്റിലെ പരമ്പരാഗത ബാറ്റിങ് ശൈലി. എന്നാൽ, 1996ലെ ലോകകപ്പിൽ ഈ സഖ്യം അന്നേവരെ ഉണ്ടായിരുന്ന ഏകദിന ഓപ്പണിങ് ശൈലിയെ തിരുത്തിക്കുറിച്ചു. ആദ്യ ഓവറുകളിൽ തന്നെ തകർത്തടിച്ച് പരമാവധി റണ്ണുകൾ നേടി കൂറ്റൻ സ്കോറിലേക്ക് പടിപടിയായെത്തുക എന്നതായിരുന്നു ഇവരുടെ ശൈലി.

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളും ഏറെക്കാലം അടക്കിഭരിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റിലെ മുൻകാല ഓപ്പണർമാരായ ആഡം ഗിൽക്രിസ്റ്റും മാത്യു ഹെയ്ഡനും ഇതേ ശൈലി പിന്തുടരുന്നതാണ് പിന്നീട് നമ്മൾ കണ്ടത്. അക്കാലത്ത് ക്രിക്കറ്റ് നിരൂപകരേയും സീനിയർമാരായ മുൻതാരങ്ങളേയും ഭയന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ഇത്തരമൊരു ബാറ്റിങ് ശൈലി കൊണ്ടുവരാൻ മുൻഗാമികൾ പലരും അറച്ചുനിൽപ്പായിരുന്നു. ആ സമയത്താണ് നേരിടുന്ന ആദ്യ പന്ത് തന്നെ സിക്സർ പറത്തുന്നൊരു ഹരിയാനക്കാരൻ വീരേന്ദർ സെവാഗ് ഇന്ത്യൻ ടീമിൽ സ്ഥിരം ഓപ്പണറായെത്തുന്നത്. പന്തെറിയാനെത്തുന്നത് പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുന്ന അക്തറോ, വസീം അക്രമോ, ബ്രെറ്റ് ലീയോ, മഗ്രാത്തോ, ഷെയ്ൻ വോണോ, മുത്തയ്യ മുരളീധരനോ ആകട്ടെ, കൂസലേതുമില്ലാതെ പന്ത് അതിർത്തിവര കടത്താൻ അയാൾ മടിയൊന്നും കാണിച്ചിരുന്നില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ ലിസ്റ്റിൽ മുന്‍നിരയിലായി ഓപ്പണര്‍ വീരേന്ദര്‍ സെവാഗിൻ്റെ പേര് തീര്‍ച്ചയായും നമുക്ക് കാണാം. ക്രീസിലെത്തിയാല്‍ ആദ്യ ബോളില്‍ തന്നെ സിക്സറടിച്ച് തുടങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്ന അപൂര്‍വം ബാറ്ററാണ് വീരു. അതുകൊണ്ട് തന്നെ സെവാഗിൻ്റെ ബാറ്റിങ് കണ്ടവരാറും പിന്നീട് അയാളെ മറക്കാനിടയില്ല. വ്യക്തിഗത സ്കോർ 99ലും 199ലും 299ലും നില്‍ക്കെ സിക്സറടിച്ച് ആ സവിശേഷമായ നാഴികക്കല്ല് ഇരട്ടി ആഘോഷമാക്കാനും അയാൾ ഭയന്നിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ആദ്യത്തെ ഇന്ത്യൻ ബാറ്ററുമായിരുന്നു വീരു!

വീരേന്ദർ സെവാഗ്

സിക്സറടി വിലക്കി സച്ചിന്‍!

2004ല്‍ മുള്‍ട്ടാനില്‍ ചിരൈവരികളായ പാകിസ്ഥാനെതിരെ 309 റണ്‍സ് വാരിക്കൂട്ടിയാണ് സെവാഗ് ക്രീസ് വിട്ടത്. ഈ ടെസ്റ്റില്‍ വ്യക്തിഗത സ്‌കോര്‍ 295ല്‍ നില്‍ക്കെ സിക്സറിലൂടെയാണ് താരം ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കരിയറില്‍ ഇത്ര വലിയൊരു നേട്ടത്തിനടുത്ത് നില്‍ക്കുമ്പോൾ എന്തിനാണ് അന്ന് സിക്സറിന് ശ്രമിച്ചതെന്ന് സെവാഗ് ഒരിക്കല്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

മുള്‍ട്ടാന്‍ ടെസ്റ്റില്‍ 295 റണ്‍സുമായി വീരു ബാറ്റ് ചെയ്യുമ്പോള്‍ ക്രീസിൽ ഒപ്പമുണ്ടായിരുന്നത് സാക്ഷാൽ സച്ചിന്‍ ടെണ്ടുൽക്കറായിരുന്നു. പാക് സ്പിൻ ഇതിഹാസം സഖ്‌ലെയ്ന്‍ മുഷ്താഖ് ആണ് അടുത്ത ഓവറിൽ ബൗള്‍ ചെയ്യാനെത്തുന്നത് എങ്കിൽ ഉറപ്പായും സിക്സർ പറത്തുമെന്ന് വീരു സച്ചിനോടു പറഞ്ഞു. "നിനക്ക് വട്ടാണോ" എന്നാണ് സച്ചിൻ ദേഷ്യത്തോടു പ്രതികരിച്ചതെന്നും സെവാഗ് പിന്നീട് വെളിപ്പെടുത്തി. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിക്കുന്ന ആദ്യ താരമാവാന്‍ പോവുകയാണ് നീയെന്നാണ് സച്ചിന്‍ അന്ന് സെവാഗിനെ ഓര്‍മിപ്പിച്ചത്.

"295 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ വീരു നിങ്ങളെന്തിനാണ് സിക്സറടിക്കുന്നത്? ഈയൊരു ഘട്ടത്തില്‍ ഇത്തരമൊരു മണ്ടത്തരം കാട്ടുന്ന ആദ്യത്തെയാള്‍ നീയായിരിക്കും! 300 റണ്‍സെടുക്കുന്ന ആദ്യ താരമായി നീ മാറാന്‍ പോവുകയാണ്. എന്തിനാണ് അതു നശിപ്പിക്കുന്നത്...," സച്ചിൻ ചോദിച്ചു.

അതിനുള്ള സെവാഗിൻ്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി ഇപ്രകാരമായിരുന്നു. "പാജീ.. ഇന്ത്യക്ക് വേണ്ടി 295 റണ്‍സെടുത്ത ആദ്യത്തെ താരം ഇപ്പോള്‍ ഞാനാണ്. മറ്റാര്‍ക്കും അതിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ സിക്സടിക്കുന്നതില്‍ എന്താണ് കുഴപ്പം? സത്യം പറഞ്ഞാൽ ഇനിയാരെങ്കിലും 295 റണ്‍സ് നേടുമോയെന്ന് പോലും എനിക്കറിയില്ല..."

വീരുവിൻ്റെ പ്രതീക്ഷ തെറ്റിയില്ല... അടുത്ത ഓവർ എറിയാനെത്തിയത് പാകിസ്ഥാൻ്റെ ഏറ്റവും അപകടകാരിയ സ്പിന്നർ സഖ്‌ലെയ്ന്‍ മുഷ്താഖ് തന്നെയായിരുന്നു... സഖ്‌ലെയ്ന്‍ മുഷ്താഖ് എറിഞ്ഞ ആദ്യ ബോളില്‍ തന്നെ ക്രീസിന് പുറത്തേക്കിറങ്ങി സിക്സറിലൂടെ സ്വതസിദ്ധമായ ശൈലിയിൽ വീരു ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിച്ചെത്തി. ആ നിമിഷത്തില്‍ തന്നേക്കാള്‍ സന്തോഷം സച്ചിനായിരുന്നുവെന്നും... അദ്ദേഹം തന്നെ വാരിപ്പുണർന്ന ശേഷം മുക്തകണ്ഠം അഭിനന്ദിച്ചെന്നും സെവാഗ് മത്സര ശേഷം വെളിപ്പെടുത്തി. പാകിസ്ഥാനെതിരെ മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സിൽ വെറും 375 പന്തിലാണ് സെവാഗ് 309 റണ്‍സ് അടിച്ചെടുത്തത്. 39 ഫോറുകളുടേയു ആറ് സിക്സറുകളുടേയും അകമ്പടിയിലാണ് ഒരു ഇന്ത്യക്കാരൻ്റെ ആദ്യ ട്രിപ്പിൾ സെഞ്ച്വറി പിറന്നതെന്നത് ചരിത്രം!

വീരേന്ദർ സെവാഗ്

സ്വന്തം റെക്കോർഡ് തിരുത്തിയ വീരു

മുൾട്ടാനിലെ 309 റൺസിൻ്റെ വിരേതിഹാസമായ ഇന്നിങ്സിൻ്റെ പകിട്ട് മായും മുമ്പേ... കൃത്യം നാല് വർഷങ്ങൾക്കിപ്പുറം ടെസ്റ്റിൽ ഇന്ത്യക്കാരൻ്റെ ഏറ്റവുമുയർന്ന സ്കോറെന്ന റെക്കോർഡ് വീരേന്ദർ സെവാഗ് തിരുത്തിക്കുറിച്ചു. 2008ല്‍ ചെന്നൈയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 319 റണ്‍സാണ് വീരു അടിച്ചെടുത്തത്. പിന്നീട് ഒരിന്ത്യക്കാരനും തൊടാനാവാത്ത അത്രയും ഗരിമയോടെ ആ ഇന്നിങ്സ് തലയുയർത്തി നിൽപ്പുണ്ട്. വെറും 304 പന്തിൽ നിന്ന് 42 ഫോറും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു.. ആ സ്വപ്നതുല്ല്യമായ സെവാഗ് ഇന്നിങ്സ്!

നേരിട്ട പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വേഗമേറിയ ട്രിപ്പിൾ സെഞ്ച്വറിയായിരുന്നു സെവാഗിൻ്റേത്. പ്രോട്ടീസ് പടയ്ക്കെതിരെ 278 പന്തിലാണ് വീരേന്ദർ സെവാഗ് 300 എന്ന മാർജിൻ കടന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നിലധികം തവണ 300+ സ്കോർ നേടിയ നാല് ബാറ്റർമാരുണ്ട്. സെവാഗ് കഴിഞ്ഞാൽ പിന്നെ വെസ്റ്റ് ഇൻഡീസുകാരായ ബ്രയാൻ ലാറ, ക്രിസ് ഗെയ്ൽ, ഓസീസുകാരനായ ക്രിക്കറ്റ് ഇതിഹാസം ഡൊണാൾഡ് ബ്രാഡ്മാൻ എന്നിവർ മാത്രമാണ് ഈ എലൈറ്റ് ലിസ്റ്റിലുള്ളത്.

വീരേന്ദർ സെവാഗ്

വീരുവിൻ്റെ ജീവചരിത്രം

1978 ഒക്ടോബർ 20ന് ഹരിയാനയിലെ നജാഫ്‌ഗഡിൽ, സ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന കൃഷൻ ലാലിൻ്റേയും കൃഷ്ണയുടേയും നാല് മക്കളിൽ മൂന്നാമനായാണ് വീരേന്ദർ സെവാഗ് എന്ന വീരുവിൻ്റെ ജനനം. ബിസിനസിൻ്റെ ഭാഗമായി മാതാപിതാക്കൾ ഡൽഹിയിലേക്ക് താമസം മാറിയത് കൊണ്ടുതന്നെ ഡൽഹിയുടെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ചാണ് സെവാഗ് വളർന്നത്. ചെറുപ്പത്തിൽ അച്ഛൻ വാങ്ങിനൽകിയ ക്രിക്കറ്റ് ബാറ്റിനോടുള്ള ഇഷ്ടം പിന്നീട് അയാളിൽ ആഴത്തിൽ വേരുറപ്പിക്കുകയായിരുന്നു. നൂറ് കോടി ഇന്ത്യക്കാരെ പോലെ തന്നെ സച്ചിൻ ടെണ്ടുൽക്കറുടെ ബാറ്റിങ് കാണാനായിരുന്നു അയാൾക്ക് പ്രിയം.

ഡൽഹിയിലെ അറോറ വിദ്യാ സ്കൂളിലാണ് ചേർത്തെങ്കിലും പഠിക്കാൻ കാര്യമായ മിടുക്കൊന്നും കുഞ്ഞൻ വീരു പ്രകടിപ്പിച്ചു കണ്ടില്ല. നിരാശരാകാതെ മകന് താൽപ്പര്യമുള്ള ക്രിക്കറ്റ് കളിയിലേക്ക് വഴിതിരിച്ചുവിട്ട മാതാപിതാക്കളായിരുന്നു റിയൽ ഹീറോസ്! അവർ വീരുവിൻ്റെ ഭാവി മുന്നിൽക്കണ്ട് മികച്ച ഇടങ്ങളിൽ ട്രെയ്നിങ്ങും ഒപ്പം പ്രോത്സാഹനവും നൽകി. 13ാം വയസ്സിൽ ക്രിക്കറ്റ് കളിക്കിടയിൽ സെവാഗിൻ്റെ പല്ല് പൊട്ടിയതോടെ മകൻ്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ അച്ഛൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാൽ അമ്മയുടെ വാത്സല്യവും കരുതലും തുണയായതോടെ സെവാഗ് ആ വിലക്ക് മറികടന്ന് ക്രിക്കറ്റിൽ തന്നെ സജീവമായി തുടർന്നു. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ കോളേജിൽ നിന്നാണ് അയാൾ ബിരുദം പൂർത്തിയാക്കിയത്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഡെയ്ഞ്ചുറസ് ഓപ്പണർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സെവാഗ് 1999 മുതൽ 2013 വരെ ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇക്കാലയളവിൽ ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും എട്ടായിരത്തിന് മുകളിൽ റൺസും നേടിയിട്ടുണ്ട്. പാർട്ട് ടൈം ഓഫ് സ്പിന്നറായും തിളങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ക്രിക്കറ്റ് കമന്ററി, പരിശീലനം, കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്ന കാംപെയ്നുകൾ എന്നിവയിൽ സജീവ പങ്കാളിയാണ്.

കവിത സെവാഗാണ് ഭാര്യ. ഇപ്പോൾ സ്വരച്ചേർച്ചയില്ലാത്ത ഈ ബന്ധത്തിൽ രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. ആര്യവീർ സെവാഗ്, വേദാന്ത് സെവാഗ്, കീർത്തി സെവാഗ് എന്നിവയാണ് അവരുടെ പേരുകൾ. ആര്യവീർ നിലവിൽ ഡൽഹിയുടെ അണ്ടർ 19 വിഭാഗത്തിൽ ഓപ്പണറാണ്. കൂച്ച് ബെഹാർ ട്രോഫിയിൽ അണ്ടർ 19 വിഭാഗത്തിൽ മേഘാലയക്കെതിരെ 17കാരൻ ആര്യവീർ സെവാഗ് അടിച്ചുകൂട്ടിയത് 297 റൺസാണ്.

വീരേന്ദർ സെവാഗ്

ഇവനെന്താ സച്ചിൻ്റെ ഡ്യൂപ്പോ?

2001ൽ ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച സെവാഗിൻ്റെ ബാറ്റിങ് ശൈലി അന്നേ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സച്ചിനൊപ്പം തന്നെ ബാറ്റിങ്ങിനിറങ്ങി തകർത്തടിക്കുന്ന ഓപ്പണറെ ലോകം കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഇയാൾ ലിമിറ്റഡ് ഓവർ ഫോർമാറ്റിന് മാത്രം ചേരുന്നയാളാണെന്ന് ആയിരുന്നു ക്രിക്കറ്റ് പണ്ഡിതരുടെ പ്രാഥമിക വിലയിരുത്തൽ.

ന്യൂസിലൻഡിനെതിരായ തന്റെ 15ാം ഏകദിന മത്സരത്തിലാണ് 69 പന്തിൽ നിന്ന് സെഞ്ച്വറിയടിച്ച് സെവാഗ് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചത്. അക്കാലത്ത് സ്ട്രൈക്ക് റേറ്റിൻ്റെ കാര്യത്തിൽ സാക്ഷാൽ ഷാഹിദ് അഫ്രീദിക്ക് തൊട്ടുപിന്നിലായി രണ്ടാമതായിരുന്നു സെവാഗിൻ്റെ സ്ഥാനം. 2013ൽ കോഹ്ലി തകർക്കുന്നത് വരെ 60 പന്തിൽ നിന്ന് സെവാഗ് നേടിയ ഏകദിന സെഞ്ച്വറിയായിരുന്നു ഇന്ത്യയുടെ ഫാസ്റ്റസ്റ്റ് ഹണ്ട്രഡ്. 2011ൽ വിൻഡീസിനെതിരെ നേടിയ 219 റൺസാണ് സെവാഗിൻ്റെ ഏകദിനത്തിലെ കരിയർ ബെസ്റ്റ്. 2014ൽ 264 റൺസടിച്ച് രോഹിത് ശർമ ഈ റെക്കോർഡ് പഴങ്കഥയാക്കി.

2002ലാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് പരമ്പരയിലേക്ക് ടെസ്റ്റ് ഓപ്പണറായി സെവാഗ് രംഗപ്രവേശം ചെയ്യുന്നത്. അരങ്ങേറ്റ മാച്ചിലെ ആദ്യ ഇന്നിങ്സിൽ 105 റൺസുമായി അയാൾ വിമർശകരുടെ വായടപ്പിച്ചു. ടെസ്റ്റ് കരിയറിൽ സെവാഗ് നേടിയ 23 സെഞ്ച്വറികളിൽ 13ഉം 150 മുകളിലായിരുന്നു. സച്ചിനെ പോലെ സാങ്കേതിക തികവുള്ള ബാറ്ററായിരുന്നില്ല വീരു, എന്നാൽ സ്വതസിദ്ധമായ ഹാൻഡ്-ഐ കോർഡിനേഷനിലൂടെ അയാൾ കാഴ്ചവെച്ചത് ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ കാണാത്ത പവർ സ്ട്രോക്കുകളുടെ കുത്തൊഴുക്കായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ടെസ്റ്റ് മത്സരങ്ങൾ പോലും ടെലിവിഷൻ സ്ക്രീനിന് മുന്നിൽ കുത്തിയിരുന്ന് കാണാൻ പ്രേരിപ്പിച്ച ഇതിഹാസമാണ് വീരു എന്ന beast...!!

SCROLL FOR NEXT