ജനിച്ച് 15 മാസം ഒരു ശരീരമായി ജീവിക്കേണ്ടി വന്ന കുഞ്ഞുങ്ങള്‍ക്ക് ഇനി സ്വാതന്ത്ര്യം. നൈജീരിയന്‍ ദമ്പതികളുടെ ഇരട്ടക്കുട്ടികള്‍ക്കാണ് അബുദാബിയില്‍ നടന്ന വിജയകരമായ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചത്.
തലകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന നിലയിലാണ് മെഴ്‌സിയും ഗുഡ്‌നെസും ജനിച്ചത്. അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. ഇരുവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആറ് മാസങ്ങളിലായി നാല് ശസ്ത്രക്രിയകള്‍ക്കാണ് കുഞ്ഞുങ്ങള്‍ വിധേയരായത്. 60-ലധികം ഡോക്ടര്‍മാരും സര്‍ജന്മാരും ക്ലിനിക്കല്‍ വിദഗ്ധരും അടങ്ങിയ സംഘമാണ് ശസ്ത്രക്രിയകള്‍ നടത്തിയത്.
ഒട്ടിച്ചേര്‍ന്ന തലയോട്ടികളും മസ്തിഷ്‌ക കോശങ്ങളും രക്തക്കുഴലുകളും പരസ്പരം പിണഞ്ഞുകിടക്കുന്ന അവസ്ഥയിലുമാണ് മേഴ്‌സിയും ഗുഡ്‌നെസും ജനിച്ചത്. ക്രാനിയോപേഗസ് ട്വിന്നിങ്' എന്ന അപൂര്‍വ അവസ്ഥയായിരുന്നു ഇത്. കുട്ടികളുടെ നാഡീശസ്ത്രക്രിയയിലെ ഏറ്റവും കഠിനമായ വെല്ലുവിളികളിലൊന്നായാണ് ഈ അവസ്ഥയെ കണക്കാക്കുന്നത്.
സങ്കീര്‍ണമായ നാല് ശസ്ത്രക്രിയകള്‍ക്കൊടുവില്‍ കൂടപ്പിറപ്പുകള്‍ ആദ്യമായി പരസ്പരം കണ്ടു. യുഎഇ, യുകെ, ബ്രസീല്‍, നൈജീരിയ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയകളില്‍ പങ്കാളികളായത്. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ന്യൂറോ സര്‍ജനും ജെമിനി അണ്‍ടൈ്വന്‍ഡിന്റെ സ്ഥാപകനുമായ പ്രൊഫസര്‍ നൂര്‍ ഉല്‍ ഒവാസെ ജീലാനിയാണ് നേതൃത്വം നല്‍കിയത്.
ശസ്ത്രക്രിയയ്ക്കു ശേഷം പ്രത്യേകം തയ്യാറാക്കിയ ത്രീഡി പ്രിന്റഡ് ടൈറ്റാനിയം ഇംപ്ലാന്റുകള്‍ ഉപയോഗിച്ചാണ് തലയോട്ടികള്‍ പുനര്‍നിര്‍മിച്ചത്. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം നൈജീരിയയിലേക്ക് മടങ്ങിയതായി ആശുപത്രി അറിയിച്ചു.
ഗള്‍ഫ് മേഖലയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യത്തെ 'ക്രാനിയോപേഗസ്' ഇരട്ടകളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയാണിത്. ഏറ്റവും സങ്കീര്‍ണമായ ശസ്ത്രകിയയായിരുന്നു ഏറ്റെടുത്തതെന്ന് പ്രൊഫസര്‍ ജീലാനി പ്രതികരിച്ചു.
ഒട്ടിച്ചേര്‍ന്ന ഇരട്ടകളില്‍ ഏറ്റവും അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒന്നാണ് 'ക്രാനിയോപേഗസ്' (തലകള്‍ ഒട്ടിച്ചേര്‍ന്ന) ഇരട്ടകള്‍. രക്തക്കുഴലുകളും മസ്തിഷ്‌ക ഘടനകളും പരസ്പരം പങ്കിടുന്നതിനാല്‍, വേര്‍പെടുത്തുന്നതിനുള്ള ശസ്ത്രക്രിയകള്‍ക്ക് മാസങ്ങളോ വര്‍ഷങ്ങളോ നീണ്ട തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. ഏറെ അപകടസാധ്യതയുള്ള ശസ്ത്രക്രിയ കൂടിയാണിത്.