Image: freepik
PRAVASAM

ലഞ്ച് ബോക്‌സുകള്‍ ആരോഗ്യകരമാകട്ടെ; അബുദാബിയില്‍ സ്‌കൂള്‍ ഭക്ഷണത്തിന് പുതിയ നിയന്ത്രണങ്ങള്‍

സന്തുലിതമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം

Author : ന്യൂസ് ഡെസ്ക്

ദുബായ്: അബുദാബിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങളില്‍ കര്‍ശന നിയന്ത്രണം. വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് മുന്‍ഗണ നല്‍കാനാണ് ഉത്തരവ്. പഞ്ചസാര, ഉപ്പ്, അഡിറ്റീവുകള്‍ എന്നിവ അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ക്കാണ് നിയന്ത്രണം.

സ്‌കൂള്‍ സമയങ്ങളില്‍ സന്തുലിതമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുകയാണ് ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്.

അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് നോളജും അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മിറ്റി കൗണ്‍സിലും ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പോഷകങ്ങളില്ലാത്തതും കലോറി കൂടുതലുള്ളതുമായ ഭക്ഷണങ്ങള്‍ ഇനി കുട്ടികള്‍ക്ക് കൊടുത്തുവിടാനാകില്ല.

നിരോധനമുള്ള ഭക്ഷണങ്ങള്‍:

സോഫ്റ്റ് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ്, സിറപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന ഫ്രൂട്ട് ജ്യൂസുകള്‍, ചായ, കാപ്പി, മിഠായികള്‍, മാര്‍ഷ്മാലോകള്‍, കാരമല്‍, കോട്ടണ്‍ മിഠായി, ലോലിപോപ്പുകള്‍, ച്യൂയിംഗ് ഗം. ഐസ്‌ക്രീം, സ്ലഷികള്‍, സംസ്‌കരിച്ച ഫ്രോസണ്‍ ഡെസേര്‍ട്ടുകള്‍, രുചിയുള്ളതോ മധുരമുള്ളതോ ആയ പാലും തൈരും, ഫ്രൈഡ് ചിക്കന്‍, നഗ്ഗറ്റ്‌സ്, ഫലാഫല്‍, സമൂസ, ക്രിസ്പ്‌സ്, പഫ്ഡ് കോണ്‍ ബോളുകള്‍, പൊട്ടറ്റോ സ്റ്റിക്കുകള്‍, ഹോട്ട്‌ഡോഗ്, ഡെലി മീറ്റുകള്‍, സോസേജ്, പോര്‍ക്ക് വിഭവങ്ങള്‍, ആല്‍ക്കഹോള്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍, ആരോഗ്യത്തിന് ഹാനികരമായ ഹൈഡ്രജനേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയ്‌ക്കെല്ലാം വിലക്കുണ്ട്.

പുതിയ നിബന്ധനകള്‍ രക്ഷിതാക്കളെ അറിയിക്കേണ്ട ചുമതല സ്‌കൂള്‍ അധികൃതര്‍ക്കാണ്. സ്‌കൂള്‍ നഴ്സുമാരോ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍മാരോ കൃത്യമായ പരിശോധനകളിലൂടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

SCROLL FOR NEXT