Source: X
PRAVASAM

ഒരുമയുടെ പുണ്യസംഗമത്തിന് സാക്ഷിയാകാൻ അറഫ

ഉച്ചയ്ക്ക് മുമ്പ് തന്നെ എല്ലാ തീർഥാടകരും അറഫയിലേക്കെത്തും

Author : ന്യൂസ് ഡെസ്ക്

ഹജ്ജിൻ്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. 20 ലക്ഷത്തോളം തീർഥാടകരാണ് പ്രാർഥനയിൽ പങ്കെടുക്കുക. പുണ്യഭൂമിയായ മിനായിൽ നിന്ന് പുലർച്ചെ തന്നെ ഇതിനായുള്ള പ്രയാണം ആരംഭിച്ചിട്ടുണ്ട്.

അറഫാ സംഗമത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് മുമ്പ് തന്നെ എല്ലാ തീർഥാടകരും അറഫയിലേക്കെത്തും. പിന്നീട് നമിറ പള്ളിയിൽ നടക്കുന്ന പ്രത്യേക പ്രാർഥനകൾക്കും പ്രഭാഷണങ്ങൾക്കും ശേഷം വെള്ള വസ്ത്രമണിഞ്ഞ് ഹാജിമാർ പ്രാർഥനകളുമായി സൂര്യാസ്തമയം വരെ ഇവിടെ ചെലവഴിക്കും. പ്രവാചകൻ മുഹമ്മദ് നബി തൻ്റെ വിടവാങ്ങൽ പ്രസംഗം നടത്തിയതിവിടെയാണ്.

പിന്നീട് മുസ്ദലിഫയിലേക്ക് നീങ്ങുന്ന തീർഥാടക സംഘം അവിടെ നിന്നും ജംറകളിൽ എറിയുവാനുള്ള കല്ലുകൾ ശേഖരിച്ച ശേഷം പിറ്റേന്ന് പുലർച്ചെ വീണ്ടും മിനായിലേക്ക് നടക്കും. ഹജ്ജ് കർമങ്ങളായ കല്ലേറ്, മുടി മുറിക്കൽ, മക്കയിലെ കഅ്ബയെ വലംവെക്കൽ, ബലി കർമം എന്നീ ചടങ്ങുകളാണ് നാളെ മിനായിൽ നടക്കുക.

ചൂട് കൂടുതലായതിനാൽ തന്നെ എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും മക്കയിലും സമീപ പ്രദേശങ്ങളിലുമായി ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആംബുലൻസുകളും ഹെലികോപ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പൊലീസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

SCROLL FOR NEXT