അബുദാബി: റമദാൻ മാസം ആരംഭിച്ചതിന് പിന്നാലെ യുഎഇയിൽ ഭിക്ഷാടനം വർധിക്കുന്നതായി റിപ്പോർട്ട്. റാസൽഖൈമ പൊലീസ് നടത്തിയ അന്വേഷണത്തിൽ 19 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ഒരാളുടെ കയ്യിൽ നിന്ന് 1100 ദിർഹവും, മറ്റൊരാളുടെ കയ്യിൽ നിന്ന് 20,000 ദിർഹവും പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. റമദാൻ മാസം പാവങ്ങളെ സംരക്ഷിക്കണം എന്ന കടമയെയാണ് ഭിക്ഷാടനം നടത്തുന്നവർ മുതലെടുക്കുന്നത് എന്നും അവർ ചൂണ്ടിക്കാട്ടി.
റമദാൻ മാസത്തിൽ നടക്കുന്ന ഇത്തരത്തിൽ വ്യാപകമായ ഭിക്ഷാടനം, വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും ഭിക്ഷാടനം തടയുകയും അതുവഴി യഥാർഥത്തിൽ അർഹരായവരെ സഹായിക്കുകയും ചെയ്യുന്നതിനായാണ്, അനർഹരെ അറസ്റ്റ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.
അതുസമയം, ദുബായ് പൊലീസ് യാചക വിരുദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി ആദ്യ ആഴ്ചയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 26 യാചകരെ ആണ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും രാജ്യത്തിൻ്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനുമായി 'ഭിക്ഷാടനത്തെ നേരിടൽ' എന്ന ക്യാംപെയ്നിൻ്റെ ഭാഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അധികൃതർ അറിയിച്ചു.
2021ലെ ഫെഡറൽ നിയമം നമ്പർ 34 പ്രകാരം ഭിക്ഷാടനം ഒരു കുറ്റകരമായ പ്രവൃത്തിയാണെന്ന് പൊലീസ് വ്യക്തമാക്കി. നിയമത്തിലെ ആർട്ടിക്കിൾ 51 പ്രകാരം, അഭ്യർഥനയിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ യാചിക്കാൻ ഇറങ്ങുന്നവർക്ക് പരമാവധി മൂന്ന് മാസം വരെ തടവുശിക്ഷയോ കുറഞ്ഞത് 10,000 ദിർഹം പിഴയോ, അല്ലെങ്കിൽ ഇതിലേതെങ്കിലും ശിക്ഷയോ ലഭിക്കും.
901എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ ദുബായ് പൊലീസിൻ്റെ സ്മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമായ പൊലീസ് ഐ സേവനം ഉപയോഗിച്ചോ ഔദ്യോഗിക ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴി കേസുകൾ റിപ്പോർട്ട് ചെയ്തോ യാചകരെ കുറിച്ച് അറിയിക്കാമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി. ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം ദാനം ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തണമെന്നും അധികൃതർ വ്യക്തമാക്കി.