PRAVASAM

യുഎഇയിലേയും മിഡിൽ ഈസ്റ്റിലേയും 12ാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ

ഈ രാജ്യങ്ങളിൽ പരീക്ഷകൾ നടത്തുന്നതിൻ്റെ സാധ്യതകൾ അവലോകനം ചെയ്തതിനു ശേഷമാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

ബഹ്റൈൻ, ഇറാൻ, കുവൈറ്റ്,ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 12ാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സിബിഎസ്ഇ അറിയിച്ചു. ഈ രാജ്യങ്ങളിൽ പരീക്ഷകൾ നടത്തുന്നതിൻ്റെ സാധ്യതകൾ അവലോകനം ചെയ്തതിനു ശേഷമാണ് തീരുമാനം. യുദ്ധ ബാധിത പ്രദേശങ്ങളിലെ സ്കൂളുകളുമായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുമുള്ള നിർദേശങ്ങൾ കണക്കിലെടുത്ത്, നേരത്തെ മാറ്റിവച്ച പരീക്ഷകൾ ഉൾപ്പെടെ 2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികളുടെ ഫലം പ്രത്യേകമായാണ് പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച സിബിഎസ്ഇ തീരുമാനം മിഡിൽ ഈസ്റ്റിലുടനീളമുള്ള ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും പ്രസക്തമായ പ്രാദേശിക ഓഫീസുകളിലും അറിയിച്ചിട്ടുണ്ട്.

വിദ്യാർഥികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്നതിനൊപ്പം അക്കാദമിക് നിലവാരം നിലനിർത്തിക്കൊണ്ടുതന്നെയാണ് തീരുമാനമെന്നും സിബിഎസ്ഇ പ്രസ്താവനയിൽ പറഞ്ഞു. ഫലങ്ങളുടെയും മൂല്യനിർണയത്തിൻ്റെയും വിശദാംശങ്ങൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് അറിയിച്ചു.

മാർച്ച് 2 മുതൽ 11 വരെ നടക്കാനിരുന്ന മിഡിൽ ഈസ്റ്റിലെ എല്ലാ പത്താം ക്ലാസ് പരീക്ഷകളും ബോർഡ് നേരത്തെ റദ്ദാക്കിയിരുന്നു. മാർച്ച് 2 മുതൽ നടക്കാനിരുന്ന ഒന്നിലധികം 12 ക്ലാസ് പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT