ദുബായിൽ ടാക്സി സർവീസിനായി ഡ്രൈവറില്ലാ കാറുകളായ റോബോ ടാക്സികൾ ഉപയോഗിക്കാൻ പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നു. ദുബായ് റോഡ്സ് ആൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് പദ്ധതി . ആർടിഎ, വീറൈഡ്, ഊബർ എന്നിവയുമായി സഹകരിച്ചാണ് സർവീസ് നടത്തുക.
ഈ ആപ്ലിക്കേഷനുകൾ വഴി ഓൺലൈനായി ബുക്ക് ചെയ്ത് റോബോ ടാക്സിയിൽ കയറാം. യാത്രക്കാർക്ക് ആപ്പിലെ 'സ്വയം നിയന്ത്രിത' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ റോബോ ടാക്സി ബുക്ക് ചെയ്യാൻ സാധിക്കും. പരീക്ഷണ സർവീസ് ആയതിനാൽ പ്രാരംഭ ഘട്ടത്തിൽ റോബോ ടാക്സിയിൽ ഡ്രൈവറും ഉണ്ടായിരിക്കും. 2026ൻ്റെ തുടക്കത്തോടെ പൂർണമായും ഡ്രൈവർ ഇല്ലാത്ത സർവീസിലേക്ക് മാറുവാനാണ് തീരുമാനം.
നിലവിൽ പൊതു ബീച്ചുകൾക്ക് സമീപമുള്ള പ്രധാന പ്രദേശങ്ങളായ ഉം സുഖൈം, ജുമൈറ മേഖലകളിലാണ് സർവീസ് ലഭ്യമാക്കുക. 2030 ആവുമ്പോഴേക്കും ദുബായിയിലെ മൊത്തം യാത്രകളിൽ 24 ശതമാനവും സ്വയം ഓടുന്ന ഗതാഗതമാക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമാണ് റോബോ ടാക്സി പദ്ധതി.