ദുബായ്: ദുബായിൽ അതിവേഗ പാതയിൽ വഴിമാറി നൽകിയില്ലെങ്കിൽ 400 ദിർഹം പിഴ ഈടാക്കുമെന്ന് പൊലീസ്. ഫെഡറൽ ട്രാഫിക് നിയമപ്രകാരം, കുറഞ്ഞ വേഗതയിൽ വാഹനമോടിച്ചതിനോ അല്ലെങ്കിൽ വേഗത്തിൽ ഓടുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ തടസം നിന്നാലോ ആണ് 400 ദിർഹം പിഴ ഈടാക്കുക.
അതിവേഗ പാതകളിൽ പതുക്കെ വാഹനമോടിക്കുന്നത് റോഡുകളിൽ ആശയക്കുഴപ്പത്തിനും കൂട്ടിയിടികൾക്കും കാരണമാകുമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ് ഈ സന്ദേശം ശക്തിപ്പെടുത്തിയിട്ടുണ്ട്. "മിനിമം വേഗതയ്ക്ക് മുകളിൽ വാഹനമോടിക്കുന്നത് ഗതാഗതം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നു," ഡ്രൈവിംഗ് സമൂഹത്തിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പൊലീസ് പറഞ്ഞു.
ദുബായ് പൊലീസ് നേരത്തെ സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ നടത്തുകയും ഫാസ്റ്റ് ലെയിനിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പ്രദർശിപ്പിക്കുന്ന വിജ്ഞാനപ്രദമായ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ആംബുലൻസുകൾക്കും അടിയന്തര സേവന വാഹനങ്ങൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ കഴിയണം.
ഇതിനുപുറമേ, ബസുകളിലെ സാധാരണ നിയമലംഘനങ്ങൾക്കുള്ള പിഴയും പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. പൊതുഗതാഗത വാഹനങ്ങളിലും സൗകര്യങ്ങളിലും യാത്രക്കാർക്ക് അനുവദിച്ചുള്ള സ്ഥലങ്ങളിൽ മാത്രം നിൽക്കുകയോ ഇരിക്കുകയോ ചെയ്യാത്ത പക്ഷം 100 ദിർഹം പിഴയീടാക്കും. ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ടാൽ 200 ദിർഹമാണ് പിഴ. ഉപകരണങ്ങൾക്ക് കേടുപാട് വരുത്തുന്നതിനും നശിപ്പിക്കുന്നതിനും 2000 ദിർഹം വരെ പിഴയീടാക്കും. മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കൽ, ലിഫ്റ്റുകളും എസ്കലേറ്ററുകളും ദുരുപയോഗം ചെയ്യൽ, സീറ്റുകളിൽ കാൽവെക്കൽ എന്നിവയ്ക്ക് 100 ദിർഹമാണ് പിഴ.
ദുബായിലെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയുടെ വിപുലമായ ശൃംഖലയിൽ 119 ലൈനുകളിലായി 1500 ലേറെ ബസുകളാണ് സർവീസ് നടത്തുന്നത്. മെട്രോ ഫീഡർ, ഇൻ്റർസിറ്റി, ഇൻ്റേണൽ റൂട്ടുകൾ എന്നിവയടക്കം ഇതിൽ ഉൾപ്പെടുന്നുണ്ട്.