ദുബായ് ഗവണ്‍മെന്റുമായി സഹകരിച്ച് ഇലോണ്‍ മസ്‌കിന്റെ ബോറിങ് കമ്പനി വികസിപ്പിച്ചെടുക്കുന്ന അതിവേഗ ഭൂഗര്‍ഭ റോഡ് ശൃംഖലയായ 'ദുബായ് ലൂപ്' നിര്‍മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്. പദ്ധതിയുടെ അടിത്തറയിടല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഇതിന്റെ ചിത്രങ്ങള്‍ ബോറിങ് കമ്പനി അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്‍ നിര്‍മാണ സാധനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന തൊഴിലാളികളുടെ ചിത്രമാണ് പങ്കുവെച്ചത്.
ഏകദേശം 565 ദശലക്ഷം യുഎഇ ദിര്‍ഹം (153.85 ദശലക്ഷം ഡോളര്‍) മാണ് പദ്ധതിയുടെ പ്രാരംഭ നിക്ഷേപം. 6.4 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതിയുടെ ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ഫിനാഷ്യല്‍ ഡിസ്ട്രിക്ട് എന്നിവയെ ബിസിനസ് ബേയുമായി ബന്ധിപ്പിച്ച് 24 കിലോമീറ്റര്‍ നീളമുള്ള പൂര്‍ണ്ണമായ ശൃംഖലയായി ഇത് വികസിപ്പിക്കും.
ഒന്നാംഘട്ടത്തിന് മാത്രം 45,000 ടണ്‍ ഭാരം വരുന്ന 25,000 പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് കട്ടകള്‍ ആവശ്യമായി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ണമായാല്‍ ഈ അത്യാധുനിക പാതയില്‍ ഉടനീളമായി 19 സ്റ്റേഷനുകള്‍ ഉണ്ടാകും എന്നാണ് കരുതുന്നത്.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്ര കൂടുതല്‍ വേഗത്തിലാക്കാനും സഹായിക്കുന്ന ഈ പദ്ധതി ദുബായുടെ വികസന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകും.
ലൂപ്പിലൂടെ യാത്ര എങ്ങനെ?
യാത്രക്കാര്‍ക്ക് വേണ്ടിയാണ് ഈ പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് സൂചന. യാത്രക്കാര്‍ സ്റ്റേഷനുകളില്‍ എത്തി ബുക്ക് ചെയ്യണം. വാഹനം ഓടിക്കാതെ അതിവേഗ ഭൂഗര്‍ഭ പാതയിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താം.
റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്രക്കാരുടെ ആദ്യത്തെയും അവസാനത്തെയും കിലോമീറ്റര്‍ കണക്റ്റിവിറ്റിക്ക് മുന്‍ഗണന നല്‍കുന്ന 'പീപ്പിള്‍-മൂവര്‍' സംവിധാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഭൂഗര്‍ഭ തുരങ്കങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങളാണ് യാത്രക്കാരെ കൊണ്ടു പോകുക. നിശ്ചയിക്കപ്പെട്ട സ്റ്റേഷനുകളില്‍ നിന്ന് മാത്രമേ യാത്ര ആരംഭിക്കൂ. പൊതു റോഡ് ശൃംഖലയുമായി ഇതിന് ബന്ധമുണ്ടായിരിക്കില്ല.
ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിനെ ദുബായ് മാളുമായി ബന്ധിപ്പിക്കുന്ന 6.4 കിലോമീറ്റര്‍ നീളമുള്ള ആദ്യഘട്ട പാത യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് വെറും 3 മിനിറ്റായി കുറയ്ക്കും. സജ്ജമാകുന്നതോടെ പ്രതിദിനം ആകെ 30,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ദുബായ് ലൂപ്പിന് ശേഷിയുണ്ടാകും.