PRAVASAM

തൊഴിലാളികളുടെ സുരക്ഷ പ്രധാനം; തൊഴില്‍ നിയമങ്ങള്‍ ഉറപ്പാക്കാന്‍ 'സ്മാര്‍ട്ട് സേഫ്റ്റി ട്രാക്കര്‍' പുറത്തിറക്കി ദുബായ് സര്‍ക്കാര്‍

ജിറ്റെക്‌സ് ഗ്ലോബല്‍ 2025-ല്‍ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം

Author : ന്യൂസ് ഡെസ്ക്

ദുബായിലെ തൊഴില്‍ സ്ഥലങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം 'സ്മാര്‍ട്ട് സേഫ്റ്റി ട്രാക്കര്‍' പുറത്തിറക്കി. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ഥാപനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിലിടങ്ങള്‍ രൂപപ്പെടുത്താനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ജിറ്റെക്‌സ് ഗ്ലോബല്‍ 2025-ല്‍ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ജോലിസ്ഥല സുരക്ഷ ശക്തിപ്പെടുത്താനും പരിശോധനാ നടപടികള്‍ നവീകരിക്കാനും നിയന്ത്രണ മേല്‍നോട്ടം മെച്ചപ്പെടുത്താനും ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (GenAI) ഉള്‍പ്പെടെയുള്ള നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ മന്ത്രാലയത്തിന്റെ വര്‍ധിച്ചുവരുന്ന ശ്രദ്ധയെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്.

നൂതന ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും തൊഴില്‍പരമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നത് കാര്യക്ഷമമാക്കുന്നതിനും അത്യാധുനിക എഐ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയാണ് മന്ത്രാലയം ഈ പദ്ധതിയിലൂടെ ചെയ്യുന്നതെന്ന് മന്ത്രാലയത്തിലെ ലേബര്‍ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍ ആന്‍ഡ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഷായ്മ യൂസഫ് അല്‍ അവാധി പറഞ്ഞു.

എല്ലാ മേഖലകളിലും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് തൊഴിലാളികളുടെ ക്ഷേമവും സന്തോഷവും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുമെന്നും അല്‍ അവാധി പറഞ്ഞു.

SCROLL FOR NEXT