പ്രതീകാത്മക ചിത്രം Source: LinkedIn
PRAVASAM

ഉയർന്ന ശമ്പളം, എളുപ്പമുള്ള ജോലി... ഈ പരസ്യത്തിൽ വീഴല്ലേ! മുന്നറിയിപ്പുമായി ദുബായ് പൊലീസ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓൺലൈൻ സൈറ്റുകളിലും വലിയ തോതിൽ പ്രചരിക്കുന്ന പാർട് ടൈം ജോലികൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

Author : ന്യൂസ് ഡെസ്ക്

ദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓൺലൈൻ സൈറ്റുകളിലും വലിയ തോതിൽ പ്രചരിക്കുന്ന പാർട് ടൈം ജോലികൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ട് ഇത്തരത്തിൽ പ്രചരിക്കുന്ന പരസ്യങ്ങളിൽ ഭൂരിഭാഗവും വ്യാജമാണെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. വാട്സാപ്പ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, എഐ ജനറേറ്റഡ് റിക്രൂട്ടർ പ്രൊഫൈലുകളിൽ വരെ ഇത്തരത്തിൽ എളുപ്പം ചെയ്യാവുന്ന, ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ജോലികളുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നു.

പൊലീസ് പൊതുജനങ്ങൾക്ക് നൽകുന്ന നിർദേശങ്ങൾ:

- ലളിതമായ ജോലിക്ക് വിശ്വസനീയമല്ലാത്ത ശമ്പളം വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ വിശ്വസിക്കരുത്.

- റിക്രൂട്ടർമാരെ ലിങ്ക്സ്-ഇൻ വഴിയോ, കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ പരിശോധിച്ച് ഉറപ്പുവരുത്തുക.

- സ്ഥിരീകരിക്കാത്ത ഇത്തരം റിക്രൂട്ടർമാരുമായി എമിറേറ്റ്സ് ഐഡി, ബാങ്ക് വിവരങ്ങൾ, പാസ്‌വേർഡുകൾ തുടങ്ങിയ വിവരങ്ങൾ പങ്കുവെക്കാതിരിക്കുക.

- തട്ടിപ്പുകൾ ഇക്രൈം പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറിലോ റിപ്പോർട്ട് ചെയ്യുക.

- ജോലി കണ്ടെത്തുന്നതിനായി യുഎഇ സർക്കാർ തൊഴിൽ സൈറ്റുകളോ, മറ്റ് വിശ്വസനീയമായ പ്രൈവറ്റ് പ്ലാറ്റ്ഫോമുകളോ ആശ്രയിക്കുക.

ഈ സൈബർ കുറ്റവാളികളുടെ വലയിൽ വീണാൽ വലിയ ഭവിഷ്യത്താകും പിന്നീട് അനുഭവിക്കേണ്ടി വരിക. തട്ടിപ്പുകാർ ഇരകളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങുകയോ, അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ഫണ്ട് കൈമാറ്റം ചെയ്യുകയോ, മറ്റ് സൈബർ കുറ്റകൃത്യങ്ങളോ ചെയ്യാൻ സാധ്യതകളുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുക മാത്രമല്ല, ഇരകളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ കുടുക്കുകയും അവരെ പ്രതികളാക്കുകയും ചെയ്യാനും സാധ്യതകളുണ്ട്.

SCROLL FOR NEXT