ഫ്ലൈറ്റിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് വിലക്കി എമിറേറ്റ്സ് എയർലൈൻ. ഒക്ടോബർ ഒന്ന് മുതലാണ് ഫ്ലൈറ്റിലെ പവർ ബാങ്ക് നിരോധനം നടപ്പിലാകുക. ചില പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായി യാത്രക്കാർക്ക് ഇപ്പോഴും ഒരു പവർ ബാങ്ക് കൈവശം വെക്കാനാകും. എന്നാൽ വിമാനയാത്രയ്ക്കിടെ അത് ഉപയോഗിച്ച് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതോ പവർ ബാങ്ക് തന്നെ ചാർജ് ചെയ്യുന്നതോ അനുവദനീയമല്ല.
എമിറേറ്റ്സ് നെറ്റ്‌വർക്കിലുടനീളം പവർ ബാങ്ക് നിരോധനം ബാധകമാണ്. പവർ ബാങ്കുകളുമായി ബന്ധപ്പെട്ട ലിഥിയം ബാറ്ററി സുരക്ഷാ ആശങ്കകളെ തുടർന്നാണ് ഈ നീക്കം. ബാറ്ററി അമിതമായി ചാർജ് ചെയ്താൽ തീപിടുത്തം, സ്ഫോടനം, വിഷവാതകം എന്നിവയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
ഒക്ടോബർ 1 മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുമായി ബന്ധപ്പെട്ട് ഈ നിയമങ്ങൾ നടപ്പിലാകും:
- മണിക്കൂറിൽ 100 വാട്ട് താഴെ ദൈർഘ്യമുള്ള ഒരു പവർ ബാങ്ക് മാത്രമേ ഒരു യാത്രക്കാരന് കൈവശം വെക്കാനാകൂ.
- ഉപകരണത്തിൽ കപ്പാസിറ്റി റേറ്റിംഗ് വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം.
- വിമാനത്തിൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ കഴിയില്ല.
- വിമാനത്തിൽ പവർ ബാങ്ക് ചാർജ് ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു.
- പവർ ബാങ്ക് സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലോ സൂക്ഷിക്കണം