Image: Dubai Duty Free/X
PRAVASAM

ഇന്നലെ പേമാരിയില്‍ കാര്‍ തകരാറിലായി, ഇന്ന് സ്വന്തമായി ബെന്‍സ് കാര്‍; ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലെ ഭാഗ്യവാന്‍

ഒരു രാത്രി പുലര്‍ന്നപ്പോഴേക്കും നിര്‍ഭാഗ്യം ഭാഗ്യമായി മാറിയിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

യുഎഇ: കഴിഞ്ഞ ദിവസം യുഎഇയിലുണ്ടായ കനത്ത മഴയില്‍ ആകെയുണ്ടായിരുന്ന കാര്‍ തകരാറിലായി. അടുത്ത ദിവസം ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മെഴ്‌സിഡസ് ബെന്‍സ് കാര്‍ സമ്മാനമായി ലഭിക്കുന്നു.

അബുദാബി സ്വദേശിയായ 38 കാരന്‍ സലീം അല്‍ഫസാരിക്ക് എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുകയാണ്. ഒരു രാത്രി പുലര്‍ന്നപ്പോഴേക്കും നിര്‍ഭാഗ്യം ഭാഗ്യമായി മാറിയിരിക്കുകയാണ്. ഡ്യൂട്ടി ഫ്രി നറുക്കെടുപ്പിലൂടെ മെഴ്‌സിഡസ് എഎംജി ജിടി 43 വിന്റേജ് ബ്ലൂ നിറത്തിലുള്ള കാറാണ് സലീം അല്‍ഫസാരിക്ക് ലഭിച്ചത്.

ഭാഗ്യം തേടിയെത്തിയതിനെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്ന് അല്‍ഫസാരി പറയുന്നു. ഇന്ന് ഭാഗ്യദിനം മാത്രമാണെന്ന് മാത്രമേ പറയാനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി ടിക്കറ്റെടുക്കുന്ന അല്‍ഫസാരിയെ തേടി ഭാഗ്യദേവത എത്തിയത് ഇക്കുറിയാണ്. ഇത്തിയാദ് എയര്‍വെയ്‌സില്‍ എയര്‍ക്രാഫ്റ്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന അല്‍ഫസാരി രണ്ട് ടിക്കറ്റുകളാണ് ഇക്കുറി എടുത്തത്.

അതേസമയം, ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍, ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പുകളിലെ മറ്റ് വിജയികളെയും പ്രഖ്യാപിച്ചു. ഖത്തറില്‍ ജോലി ചെയ്യുന്ന 10 ഇന്ത്യന്‍ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന എടുത്ത ടിക്കറ്റിന് മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 8.3 കോടിയിലധികം രൂപ) സമ്മാനമായി ലഭിച്ചു. കൂടാതെ, ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലൂടെ മൂന്ന് പേര്‍ക്ക് ആഡംബര വാഹനങ്ങളും സമ്മാനമായി ലഭിച്ചു.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ 42-ാം വാര്‍ഷികത്തിന്റെ തലേദിവസം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് സി-യില്‍ വെച്ചാണ് മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ് നടന്നത്.

SCROLL FOR NEXT