കുവൈത്തില്‍ ചാനല്‍ ഓഫീസില്‍ ഭക്ഷണം നല്‍കാനെത്തിയ ഫുഡ് ഡെലിവറി ഏജന്റ് നടന്നു പോയത് ലൈവ് ടെലിവിഷന്‍ പരിപാടിക്കിടെയിലൂടെ. കുവൈത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അഭിമുഖം നടത്തുന്നതിനിടെയാണ് ഡെലിവറി ഏജന്റ് നടന്നു പോയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.
ജ്യോതി ശാസ്ത്രജ്ഞനായ അദേല്‍ എല്‍ സാദൂനുമായുള്ള അഭിമുഖത്തിനിടെയാണ് രസകരമായ സംഭവമുണ്ടായത്. അഭിമുഖം നടക്കുന്നതിനിടെ ഡെലിവറി ഏജന്റ് നടന്നു പോയത് ക്യാമറയിലും പതിയുകയായിരുന്നു. ഏജന്റിനെ പ്രൊഡക്ഷന്‍ ടീം തടഞ്ഞു നിര്‍ത്തിയില്ല എന്നതാണ് പക്ഷെ പ്രശ്‌നമായത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈത്ത് വാര്‍ത്താ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തില്‍ സ്റ്റുഡിയോ മാനേജരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ടെക്‌നിക്കല്‍ ടീമാണ് ഇതിന് ഉത്തരവാദപ്പെട്ടിരിക്കുന്നതെന്നും മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ പറഞ്ഞതായി അല്‍ റാനി പത്രം പ്രസ്താവനയില്‍ പറഞ്ഞു.
'അവിടെ ഒരാള്‍ നമുക്ക് മുന്നിലൂടെ നടന്നു പോകുന്നുണ്ട്. അദ്ദേഹം ഒരു ഡെലിവറി ഏജന്റാണ്,' എന്ന് അഭിമുഖത്തിനിടെ അല്‍ സാദൂന്‍ പറഞ്ഞു.
എന്നാല്‍ സംഭവം നടന്നതിന് പിന്നാലെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പലരും പ്രൊഫഷണലിസമില്ലായ്മയാണ് ഇത്തരത്തില്‍ ഒരു വീഴ്ച പറ്റിയതിന് പിന്നിലെന്ന് പറയുന്നു.