Source: Wikipedia
PRAVASAM

ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം; പുണ്യഭൂമിയിലേക്കെത്തുക 18 ലക്ഷത്തോളം തീർഥാടകർ

ചൊവ്വാഴ്ചയാണ് ഹജ്ജിൻ്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമം

Author : ന്യൂസ് ഡെസ്ക്

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് നാളെ സൗദി അറേബ്യയിൽ തുടക്കമാകും. ഹജ്ജിന് തുടക്കമിടുന്ന തർവിയാ ദിനത്തിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് വിശ്വാസികൾ ഇന്ന് രാത്രി മുതൽ മിനായിലേക്ക് പുറപ്പെടും. ചൊവ്വാഴ്ചയാണ് ഹജ്ജിൻ്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമം.

ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീർഥാടകർ ഉൾപ്പെടെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിർവഹിക്കുക. ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജിന് എത്തിയിട്ടുള്ളത്. ഇതിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്.

തീർഥാടകർക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി പുണ്യ സ്ഥലങ്ങളിൽ 22000ലധികം ജീവനക്കാരെയും 3000 ലധികം ആധുനിക വാഹനങ്ങളും ക്രമീകരിച്ചിട്ടുള്ളതായി മുനിസിപ്പാലിറ്റി ഭവന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തീർഥാടകർക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ മൊബൈൽ ലാബോറട്ടറികളും സജ്ജീകരിച്ചിട്ടുണ്ട്.

ഹജ്ജ് നടപടി ക്രമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യാതെ എത്തുന്ന തീർഥാടകരിൽ നിന്നും മാനേജർമാരിൽ നിന്നും കനത്ത പിഴയും ഈടാക്കും. അനുമതി ലഭിക്കാതെ എത്തുന്നവരിൽ നിന്നും 25 ലക്ഷം വരെ പിഴ ചുമത്തുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT