മക്ക: ഇനിയൊരിക്കലും മടങ്ങി വരാത്ത യാത്രയ്ക്കായിരുന്നു കുടുംബാംഗങ്ങളെ യാത്രയാക്കിയതെന്ന് 35 കാരന്‍ സയീദ് റാഷിദിന് അറിയില്ലായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് ഉംറയ്ക്കായി യാത്ര പുറപ്പെട്ട കുടുംബാംഗങ്ങളെ ഹൈദരാബാദ് സ്വദേശി സയീദ് റാഷിദ് യാത്രയാക്കിയത്. കുടുംബത്തിലെ 18 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
സംഘത്തില്‍ റാഷിദിന്റെ പിതാവ് ഷെയ്ഖ് നസീറുദ്ദീന്‍ (65), മാതാവ് അക്തീര്‍ ബീഗം (60), സഹോദരന്‍, സഹോദരന്റെ ഭാര്യ, മൂന്ന് മക്കള്‍ അടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. റെയില്‍വേ മുന്‍ ഉദ്യോഗസ്ഥനായിരുന്നു ഷെയ്ഖ് നസീറുദ്ദീന്‍. റാഷിദിന്റെ ബന്ധുവായ സിറാജുദ്ദീന്‍, ഭാര്യ സന, മൂന്ന് മക്കള്‍, ബന്ധു ആമിന ബീഗം, മകള്‍ ഷമീന ബീഗം, ഷമീനയുടെ മകന്‍, മറ്റൊരു ബന്ധുവായ റിസ്വാന, രണ്ട് മക്കള്‍ എന്നിവരും ഉംറ സംഘത്തിലുണ്ടായിരുന്നു.
ഒരു അപകടത്തില്‍ കുടുംബത്തിലെ പതിനെട്ടു പേരെയാണ് റാഷിദിന് നഷ്ടമായത്. ഹൈദരാബാദിലെ വിദ്യാനഗര്‍ സ്വദേശിയാണ് റാഷിദ്. നവംബര്‍ 9 ന് ഉംറയ്ക്ക് പോയ സംഘത്തെ ഹൈദരബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് റാഷിദ് ആണ് യാത്രയാക്കിയത്.
അവസാനമായി കുടുംബാംഗങ്ങളെ കാണുകയാണെന്ന് കരുതിയിരുന്നില്ലെന്ന് റാഷിദ് പറയുന്നു. കുട്ടികളുമായി ഒന്നിച്ച് യാത്ര ചെയ്യരുതെന്ന് പറഞ്ഞിരുന്നതാണ്. താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ആരെങ്കിലും രക്ഷപ്പെടുമായിരുന്നുവെന്നും റാഷിദ് വേദനയോടെ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മദീനയില്‍ ഉംറ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് അപകടമുണ്ടായത്. മക്കയില്‍ നിന്ന് പുറപ്പെട്ട ബസ് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള 43 പേര്‍ അടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും പതിനൊന്ന് കുട്ടികളുമാണ്. കുട്ടികളെല്ലാം പത്ത് വയസ്സിന് താഴെയുള്ളവരാണ്.
അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗദി സമയം രാത്രി 11 മണിയോടെയായിരുന്നു അപകടം. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രയിലായിരുന്നു അപകടമുണ്ടായത്. ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.