യുഎഇയിലെ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ദുബായിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ്. സെപ്തംബര്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനോ, നിലവിലുള്ളത് പുതുക്കാനോ പ്രവാസികള്‍ പുതിയ ഫോട്ടോ എടുക്കേണ്ടി വരും.
ആഗോള തലത്തില്‍ യാത്രരേഖകള്‍ക്ക് ബയോമെട്രിക്, ട്രാവല്‍ ഡോക്യുമെന്റ് ഐഡന്റിറ്റി എന്നിവ നിശ്ചയിക്കുന്ന അന്താരാഷ്ട്ര് സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ മാനദണ്ഡ പ്രകാരമായിരിക്കണം ഫോട്ടോകള്‍ക്ക് അപേക്ഷിക്കേണ്ടത്.
അതുകൊണ്ട് തന്നെ മിക്കവാറും എല്ലാ അപേക്ഷകരും ഐസിഎഒ മാനദണ്ഡമനുസരിച്ചുള്ള പുതിയ ഫോട്ടോകള്‍ തന്നെ നല്‍കേണ്ടി വരും. എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം നല്‍കിയ നിര്‍ദേശമനുസരിച്ചാണ് പുതിയ തീരുമാനം.
ഐസിഎഒയുടെ മാനദണ്ഡങ്ങള്‍
വെള്ള നിറത്തിലുള്ള പശ്ചാത്തലത്തിലുള്ള കളര്‍ ഫോട്ടോ 630*810 പിക്‌സലിലായിരിക്കണം
തലയും തോളുമടക്കം വരുന്ന ഭാഗത്തെ ക്ലോസ് അപ്പ്. ഫ്രെയിമില്‍ മുഖത്തിന്റെ 80-85 % ഉള്‍പ്പെട്ടിരിക്കണം.
ഫില്‍ട്ടറുകള്‍ പാടില്ല. ചര്‍മത്തിന്റെ സ്വാഭാവിക നിറം വ്യക്തമായിരിക്കണം. ഫോട്ടോ ബ്ലര്‍ ചെയ്യപ്പെടാനും പാടില്ല
ഫോട്ടോയില്‍ ഏതെങ്കിലും തരത്തില്‍ നിഴല്‍ പതിക്കാന്‍ പാടില്ല. ഫ്‌ളാഷ് ലൈറ്റിന്റെ പ്രതിഫലനമോ മറ്റു വെളിച്ചമോ രശ്മികളോ പതിക്കാന്‍ പാടില്ല.
കണ്ണുകള്‍ തുറന്നിരിക്കണം, മുടി ഒരിക്കലും കണ്ണുകളെ മറയ്ക്കുന്ന തരത്തില്‍ ആവരുത്. വായ തുറന്നിരിക്കരുത്. തല ചരിയാന്‍ പാടില്ല, തല മുഴുവനായും താടി വരെയും ഉള്‍ക്കൊള്ളണം.
കണ്ണട ഉണ്ടാവാന്‍ പാടില്ല. മതപരമായ കാരണങ്ങള്‍ കൊണ്ടല്ലാതെ തല മറയ്ക്കാന്‍ അനുവദിക്കില്ല.
അത്തരത്തില്‍ തല മറച്ചാലും കവിളും നെറ്റിയും താടിയും അടക്കം കാണാന്‍ സാധിക്കണം.
മുഖത്ത് ഒരു ഭാവവും ഉണ്ടാവരുത്.
ഫോട്ടോ എടുക്കുന്നത് 1.5 മീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ നിന്നാവരുത്.