മരിച്ച വൈഷ്ണവ് കൃഷ്ണകുമാർ Source: x/ @gulf_news
PRAVASAM

ദീപാവലി ആഘോഷത്തിന് പിന്നാലെ ഹൃദയാഘാതം; ദുബൈയിൽ 18ന് കാരന് ദാരുണാന്ത്യം

ദുബൈയിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ മാർക്കറ്റിംഗിൽ ബിബിഎ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു വൈഷ്ണവ്.

Author : ന്യൂസ് ഡെസ്ക്

ദുബൈ: ദീപാവലി ആഘോഷത്തിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് 18ന് കാരന് ദാരുണാന്ത്യം. വിദ്യാർഥിയും ഗോൾഡൻ വിസ നേടിയയാളുമായ വൈഷ്ണവ് കൃഷ്ണകുമാറാണ് മരിച്ചത്. ദുബൈയിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ മാർക്കറ്റിംഗിൽ ബിബിഎ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു വൈഷ്ണവ്. ദുബൈ ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് വൈഷ്ണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ കുടുംബത്തോട് അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ദുബൈ പൊലീസിൻ്റെ ഫോറൻസിക് വിഭാഗം കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വൈഷ്ണവിന് ഹൃദയ സംബന്ധമായ യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി. പതിവായി വ്യായാമം ചെയ്യുന്നതിലും മാനസികവും ശാരീരികവുമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും വൈഷ്ണവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

വൈഷ്ണവ് ജെംസ് ഔവർ ഓൺ ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥി കൂടിയാണ്. "ഞങ്ങളുടെ പൂർവവിദ്യാർഥിയും സ്കൂൾ കൗൺസിൽ മുൻ മേധാവിയുമായ വൈഷ്ണവ് കൃഷ്ണകുമാറിൻ്റെ മരണവിവരം വളരെ ദുഃഖത്തോടെയാണ് പങ്കുവയ്ക്കുന്നത്. വൈഷ്ണവിനെ അധ്യാപകരും വിദ്യാർഥികളും വളരെയധികം സ്നേഹിച്ചിരുന്നു. സഹപാഠികളിൽ പലരേയും മികച്ച രീതിയിൽ നയിക്കാൻ വൈഷ്ണവിന് സാധിച്ചിട്ടുണ്ട്.അവൻ്റെ വിയോഗത്തിൽ ഈ സ്കൂൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു", സ്കൂൾ പ്രസ്താവനയിലൂടെ അറിയിച്ചു.

2024-25 ലെ സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷകളിൽ അദ്ദേഹം 97.4% മാർക്ക് നേടി, മാർക്കറ്റിംഗിലും സംരംഭകത്വത്തിലും സെഞ്ച്വറിയും (100/100) എല്ലാ വിഷയങ്ങളിലും മുഴുവൻ എ1 ഗ്രേഡും നേടി. ഇതിനെത്തുടർന്ന്, മികച്ച വിദ്യാർഥി എന്ന നിലയിലാണ് വൈഷ്ണവിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചത്. ദുബൈയിൽ ഒന്നിലധികം കമ്പനികളിൽ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ വൈഷ്ണവിന് സംരഭകരാകാനാണ് ആഗ്രഹമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

SCROLL FOR NEXT