യുഎസിലെ വിദ്യാർഥി വിസാ കാലാവധിയിൽ മാറ്റം 
PRAVASAM

യുഎസിലെ വിദ്യാർഥി വിസാ കാലാവധിയിൽ മാറ്റം; ഇന്ത്യക്കാർ ആശങ്കയിൽ

വിസകൾക്ക് നിശ്ചിത കാലാവധി ഏർപ്പെടുത്താനുള്ള സുപ്രധാന നിർദേശത്തിന് വൈറ്റ് ഹൗസ് അംഗീകാരം നൽകി.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: യുഎസിലെ നിലവിലുള്ള ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് സമ്പ്രദായം അവസാനിപ്പിച്ച് വിസകൾക്ക് നിശ്ചിത കാലാവധി ഏർപ്പെടുത്താനുള്ള സുപ്രധാന നിർദേശത്തിന് വൈറ്റ് ഹൗസ് അംഗീകാരം നൽകി. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് യുഎസിൽ തുടരുന്നതിന് അധികൃതരിൽ നിന്നും പ്രത്യേക അനുമതി വേണ്ടി വരും.

നിലവിൽ കോഴ്സ് തീരുന്നത് വരെ യുഎസിൽ തുടരാൻ വിദ്യാർഥികൾക്ക് അനുവാദമുണ്ടായിരുന്നു. എന്നാൽ പുതിയ മാറ്റം വരുന്നതോടെ ഫിക്സഡ് അഡ്മിഷൻ പീരിയഡ് നടപ്പിലാക്കുകയും, പരമാവധി നാല് വർഷം വരെയായി പരിമിതപ്പെടുത്തുകയും ചെയ്യും.

കോഴ്സ് പൂർത്തിയാക്കാൻ നാല് വർഷത്തിൽ കൂടുതൽ സമയം ആവശ്യമായി വരുന്ന ഗവേഷകരും മറ്റും, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്-ൽ (USCIS) നിന്നും ഔദ്യോഗിക അനുമതി നേടേണ്ടി വരും. നിലവിലെ 60 ദിവസത്തെ ഗ്രേസ് പീരിയഡ് 30 ദിവസമായി ചുരുക്കാനും നിർദേശമുണ്ട്.

ഇത് കോഴ്സിന് ശേഷം തൊഴിൽ അന്വേഷിക്കുന്ന വിദ്യാർഥികളെ ബാധിച്ചേക്കാം. യുഎസിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികൾ ഇന്ത്യയിൽ നിന്നാണ്. അതിനാൽ ഈ മാറ്റം ഇന്ത്യൻ വിദ്യാർഥികളെ ആവും ബാധിക്കുക. ഓരോ തവണ വിസ നീട്ടുമ്പോഴും ബയോമെട്രിക് പരിശോധനകളും അധിക ഫീസും അടയ്ക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT