ഓണ്‍ലൈന്‍ പഠനം തുടരുമെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. മെയ് ഒന്ന് വരെ ഓണ്‍ലൈന്‍ പഠനം തുടരുമെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത് .
ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ അറിയിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ ഏപ്രില്‍ 17 വരെയാണ് ഓണ്‍ലൈന്‍ പഠനം തുടരുക. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 30 നാണ് ഓണ്‍ലൈന്‍ പഠനം ഏപ്രില്‍ 17 വരെ നീട്ടിയത്. നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം തീയതി നീട്ടുന്ന കാര്യങ്ങള്‍ അടക്കം പരിഗണിക്കും. എന്തായാലും നിലവില്‍ ഓണ്‍ലൈന്‍ പഠനം നീട്ടിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.