പ്രതീകാത്മക ചിത്രം NEWS MALAYALAM 24x7
PRAVASAM

കുവൈറ്റ് വിഷമദ്യ ദുരന്തം: മരിച്ചവരെല്ലാം ഏഷ്യയില്‍ നിന്നുള്ളവര്‍; ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോര്‍ട്ട്

63 പേര്‍ ചികിത്സയിലുണ്ടെന്നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കുവൈറ്റ് സിറ്റി: വിഷമദ്യ ദുരന്തത്തില്‍ മരിച്ച 13 പേരും ഏഷ്യയില്‍ നിന്നുള്ളവർ. നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 63 പേര്‍ ചികിത്സയിലുണ്ടെന്നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നിര്‍മാണ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരും മരിച്ചവരില്‍ ഉള്‍പ്പെടും. കാഴ്ച മങ്ങല്‍, ശര്‍ദി, കഠിനമായ തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പലരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് പത്ത് മുതല്‍ സമാന ലക്ഷണങ്ങളുമായി 63 പേരെയാണ് കുവൈറ്റിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

ഇതില്‍ ഗുരുതരാവസ്ഥയിലായ 31 പേര്‍ മെക്കാനിക്കല്‍ വെന്റിലേഷനിലാണ്. വൃക്ക തകരാറ് മൂലം 51 പേരെ അടിയന്തരമായി ഡയാലിസിസിന് വിധേയമാക്കി. 21 പേര്‍ക്ക് കാഴ്ച പൂര്‍ണമായും നഷ്ടമാകുകയോ കാഴ്ചാ പരിമിധി നേരിടുകയോ ചെയ്തു.

പ്രാദേശികമായി മെഥനോള്‍ ചേര്‍ത്ത് മദ്യം കഴിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സമ്പൂര്‍ണ മദ്യനിരോധനമുള്ള കുവൈറ്റില്‍ 1964 മുതല്‍ മദ്യ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. ഒരേ സ്ഥലത്തു നിന്ന് മദ്യം വാങ്ങിയവര്‍ക്കാണ് അപകടമുണ്ടായതെന്നാണ് കണ്ടെത്തല്‍.

വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായവരില്‍ 40 പേര്‍ ഇന്ത്യക്കാരാണെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ 10 പേര്‍ ഇന്ത്യക്കാരും 2 പേര്‍ നേപ്പാള്‍ സ്വദേശികളുമാണെന്നാണ് സൂചന. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാന്‍ 965 65501587 നമ്പരില്‍ നേരിട്ടോ വാട്‌സ്ആപ്പിലോ ബന്ധപ്പെടാമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

എഥനോളിനോട് സാമ്യമുള്ളതിനാല്‍ പലപ്പോഴും സുരക്ഷിത മദ്യമായി തെറ്റിദ്ധരിക്കപ്പെടുന്നതാണ് മെഥനോള്‍. എന്നാല്‍ ചെറിയ അളവില്‍ കഴിക്കുന്നത് പോലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. പത്ത് മില്ലി എഥനോള്‍ കാഴ്ച പൂര്‍ണമായി ഇല്ലാതാക്കും. 15 മില്ലിയില്‍ കൂടുതല്‍ കഴിച്ചാല്‍ ജീവന്‍ പോലും നഷ്ടമാകും. ശരീരത്തില്‍ എത്തി 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടും. ചികിത്സ വൈകുന്നത് മരണകാരണമാകും.

SCROLL FOR NEXT