ദുബായ്: ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്വർണ വസ്ത്രം ഏതാണെന്നറിയാമോ? 21 കാരറ്റ് ശുദ്ധമായ സ്വര്‍ണത്തില്‍ നിര്‍മിച്ച ഏകദേശം 10.4 കോടി രൂപ വിലമതിക്കുന്ന പത്ത് കിലോയിലധികം ഭാരമുള്ള വസ്ത്രം. അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്വര്‍ണ വസ്ത്രമെന്ന ഗിന്നസ് റെക്കോര്‍ഡ് 'ദുബായ് ഡ്രസ്' എന്ന് പേരിട്ട വസ്ത്രത്തിന് ലഭിച്ചത്.
ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ മിഡില്‍ ഈസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോയില്‍ ഈ വസ്ത്രം പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. 10.0812 കിലോയാണ് വസ്ത്രത്തിന്റെ യഥാര്‍ത്ഥ ഭാരം. അല്‍ റുമൈസാന്‍ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറിയാണ് ഈ വസ്ത്രം നിര്‍മിച്ചത്. ഏകദേശം 4.6 ദശലക്ഷം യുഎഇ ദിര്‍ഹമാണ് വസ്ത്രത്തിന്റെ മൂല്യം.
21 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച വസ്ത്രത്തിന് നാല് പ്രധാന ഭാഗങ്ങളുണ്ട്. 398 ഗ്രാം ഭാരമുള്ള കിരീടം, 8,810.60 ഗ്രാം ഭാരമുള്ള നെക്ലേസ്, 134.1 ഗ്രാമുള്ള കമ്മലുകള്‍, പരമ്പരാഗത അറബ്, പേര്‍ഷ്യന്‍ ആഭരണമായ ഹിയാര്‍. ഹിയാറിനു മാത്രം 738.5 ഗ്രാം ഭാരമുണ്ട്.
മിഡില്‍ ഈസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോയില്‍ ഇതിനു മുമ്പും സ്വര്‍ണം കൊണ്ടുള്ള നിര്‍മിതികളുമായി അല്‍ റുമൈസാന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷോയുടെ കഴിഞ്ഞ രണ്ട് എഡിഷനില്‍ 1.5 മില്യണ്‍ ദിര്‍ഹം വില വരുന്ന സ്വര്‍ണ സൈക്കിളായിരുന്നു ഇവര്‍ അവതരിപ്പിച്ചത്.
പരമ്പരാഗതമായി സ്വര്‍ണ വ്യാപാരം നടത്തുന്ന കുടുംബമാണ് അല്‍ റുമൈസാന്‍. 1950 കളിലാണ് ഇവര്‍ സ്വര്‍ണ വ്യാപര രംഗത്തേക്ക് എത്തുന്നത്. 1999 ല്‍ അല്‍ റുമൈസാന്‍ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി എന്ന പേരില്‍ കമ്പനി തുടങ്ങി. യു.എ.ഇ., ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലുടനീളം ഇവര്‍ക്ക് ഷോറൂമുകളുണ്ട്. പരമ്പരാഗത അറബി, പേര്‍ഷ്യന്‍ ഡിസൈനുകളിലുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് സ്ഥാപനത്തിന്റെ പ്രത്യേകത.