പ്രതീകാത്മക ചിത്രം 
PRAVASAM

വെബ്‌സൈറ്റുമില്ല, വാട്‌സാപ്പുമില്ല, ദുബായില്‍ പ്രവാസിക്ക് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 100,000 ദിര്‍ഹം

"ആദ്യം മെസേജുകള്‍ അവഗണിച്ചു. പിന്നീട് കണ്ടത് പ്രോഫിറ്റിന്റെയും നിക്ഷേപങ്ങളുടെയും സ്ലിപ്പുകളാണ്. അത് കണ്ടതോടെ വിശ്വസിച്ചു"

Author : ന്യൂസ് ഡെസ്ക്

ദുബായിലെ ഇന്ത്യന്‍ ബാങ്ക് കണ്‍സള്‍ട്ടന്റിന് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് വഴി നഷ്ടമായത് 100,000 ദിര്‍ഹമാണ്. തന്റെ പക്കല്‍ നിന്ന് 100,000 ദിര്‍ഹം നഷ്ടമായ ശേഷമാണ് യുവാവ് പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചത്.

തട്ടിപ്പ് മുഴുവനും നടന്നത് വാട്‌സാപ് ചാറ്റിലൂടെയാണ്. സതീഷ് ഗദ്ദേ (യഥാര്‍ഥ പേരല്ല) യെ ഒരു ഗ്രൂപ്പില്‍ ആഡ് ചെയ്യുകയും ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ഒരാള്‍ വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്ത് പണം തട്ടുകയും ചെയ്തു.

'തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്തരം ഒന്നിലൂടെ കടന്നു പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. എനിക്ക് അറിയാത്ത ആള്‍ക്കാരെ ഞാന്‍ വിശ്വസിച്ചു. അവര്‍ എങ്ങനെയുള്ളവരായിരിക്കുമെന്നും പോലും അറിയില്ല. അതാണ് എന്നെ ചിന്തിക്കുന്തോറും കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്,' സതീഷ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആന്ധ്രപ്രദേശ് സ്വദേശിയായ സതീഷ് സ്റ്റോക്ക് മാര്‍ക്കറ്റ് സ്ട്രാറ്റജി സി4 എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കപ്പെടുന്നത് ഏപ്രിലില്‍ ആണ്. 137 അംഗങ്ങള്‍ ഉണ്ടായിരുന്ന ഗ്രൂപ്പിന്റെ അഡ്മിനുമാരുടെത് ഇന്ത്യന്‍ മൊബൈല്‍ നമ്പറുകളായിരുന്നു.

ആദ്യഘട്ടത്തില്‍ താന്‍ മെസേജുകള്‍ അവഗണിച്ചു. പിന്നീട് അയാള്‍ വീണ്ടും വിളിച്ചു. പിന്നെ കണ്ടത് പ്രോഫിറ്റിന്റെയും നിക്ഷേപങ്ങളുടെയും സ്ലിപ്പുകളാണ്. അത് കണ്ടതോടെ വിശ്വസിച്ചുവെന്നും സതീഷ് പറഞ്ഞു. ഉപഭോക്താക്കളാണെന്ന് നടിച്ച് ചിലര്‍ പണമുണ്ടാക്കാന്‍ സഹായിക്കുന്നതിന് നിരന്തരം അഡ്മിന്മാരെ നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ താന്‍ ഇത് വിട്ടു കളയരുതെന്ന തോന്നലുണ്ടായി.

പതുക്കെ ഒരാള്‍ തനിക്ക് സ്വകാര്യമായി മെസേജ് അയക്കാന്‍ തുടങ്ങി. ട്രേഡിങ്ങിന് തന്നെ സഹായിക്കാമെന്ന വ്യാജേനയാണ് സംസാരിച്ചത്. പിന്നാലെ ആര്‍മര്‍കാപിറ്റല്‍.നെറ്റ് എന്ന വെബ്‌സൈറ്റില്‍ ഒരു ട്രേഡിങ് അക്കൗണ്ട് തുടങ്ങി. അഡ്മിന്റെ നിര്‍ദേശ പ്രകാരം 65,000 ദിര്‍ഹം രണ്ട് ഗഡുക്കളായി ഒരു യുഎഇ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. 800,000രൂപ (35,000 ദിര്‍ഹത്തിനടുത്ത്) ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടിലേക്കും നിക്ഷേപിച്ചു.

എന്നാല്‍ അപ്പോഴും തനിക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നതായി സതീഷ് പറയുന്നു. പക്ഷെ കമ്പനി രജിസ്‌ട്രേഷന്‍ പോലുള്ള ചില സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ കാണിച്ചു വിശ്വസിപ്പിച്ചു. എന്നാല്‍ പിന്നീട് അതെല്ലാം വ്യാജമാണെന്ന് തെൡയുകയായിരുന്നുവെന്നും സതീഷ് പറയുന്നു.

'ആദ്യം ഫണ്ട് നിക്ഷേപിച്ചപ്പോള്‍ തന്റെ ട്രേഡിങ് അക്കൗണ്ടില്‍ പ്രോഫിറ്റ് കാണിച്ചു തുടങ്ങി. അതില്‍ റിയല്‍ ടൈം ചാര്‍ട്ടുകളും ഗ്രാഫുകളുമുണ്ടായിരുന്നു. എന്നാല്‍ ചതി മനസിലാകുന്നത്, അക്കൗണ്ട് മാനേജര്‍ എന്ന് പറയപ്പെടുന്നയാള്‍ വിളിച്ച് തന്റെ പേരില്‍ ഒരു ഐപിഒ വാങ്ങിയിട്ടുണ്ടെന്നും 620,000 ദിര്‍ഹം കൂടി നല്‍കിയില്ലെങ്കില്‍ എല്ലാ ഇന്‍വെസ്റ്റ്‌മെന്റും നഷ്ടമാകുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ്. അപ്പോഴാണ് ഞാന്‍ പരിഭ്രാന്തനാവാന്‍ തുടങ്ങിയത്. ഞാന്‍ വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. ചിലര്‍ കോള്‍ എടുത്തെങ്കിലും കാര്യം പറയുന്നതോടെ ഫോണ്‍ കട്ട് ചെയ്യും. പണം പോയതിന് പിന്നാലെ അവര്‍ക്ക് ആര്‍ക്കും ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. എന്റെജീവിതം കീഴ്‌മേല്‍ മറിഞ്ഞു. കഴിഞ്ഞ മാസം അല്‍ റിഫ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി,' സതീഷ് പറഞ്ഞു.

ഇപ്പോള്‍ പെഴ്‌സണല്‍ ലോണിലൂടെ എടുത്ത കടം എല്ലാ മാസവും 8000 ദിര്‍ഹം വെച്ച് അടച്ചുകൊണ്ടിരിക്കുകയാണെന്നും തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പകുതിയില്‍ കൂടുതലും ലോണ്‍ അടവിലേക്കാണ് പോകുന്നതെന്നും സതീഷ് പറയുന്നു.

SCROLL FOR NEXT