Image: X  NEWS MALAYALAM
PRAVASAM

കൊടുംചൂടില്‍ യാത്രക്കാര്‍ കാത്തിരിക്കേണ്ടി വന്നത് നാല് മണിക്കൂര്‍; സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായ്-കോഴിക്കോട് വിമാനം റദ്ദാക്കി

വിമാനത്തിനുള്ളിലെ കൊടും ചൂടില്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന യാത്രക്കാര്‍ വലയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

യുഎഇ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദുബായില്‍ നിന്നും പുറപ്പെടേണ്ട വിമാനമാണ് യാത്രക്കാരെ പ്രവേശിപ്പിച്ചതിനു ശേഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയത്.

നാല് മണിക്കൂറോളം യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കുടുങ്ങിയതിനു ശേഷമാണ് സാങ്കേതിക തകരാര്‍ മൂലം വിമാനം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്. വിമാനത്തിനുള്ളിലെ കൊടും ചൂടില്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന യാത്രക്കാര്‍ വലയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദുബായില്‍ നിന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. 8.15 ഓടെ യാത്രക്കാരെ പ്രവേശിപ്പിച്ചു. എന്നാല്‍ പുറപ്പെടേണ്ട സമയം കഴിഞ്ഞിട്ടും വിമാനം ടേക്ക് ഓഫ് ചെയ്തില്ല. നാല് മണിക്കൂറോളമാണ് യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കൊടും ചൂടില്‍ കാത്തിരുന്നത്. വിമാനം വൈകുന്നതിനെ കുറിച്ച് യാതൊരു അറിയിപ്പും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും യാത്രക്കാര്‍ പറയുന്നു.

ഉച്ചയ്ക്ക് 12.15 ഓടെയാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചത്. നാളെ പുലര്‍ച്ചെ 3.40 നാണ് അടുത്ത വിമാനം പുറപ്പെടുക. യാത്രക്കാരെ എയര്‍ ഇന്ത്യ തന്നെ ഹോട്ടലിലേക്ക് മാറ്റി.

ഇതിനിടയില്‍ തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 1.15 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 523 വിമാനവും ഒന്നര മണിക്കൂര്‍ വൈകി. ഉച്ചയ്ക്ക് 2.30 നാണ് വിമാനം പുറപ്പെട്ടത്.

SCROLL FOR NEXT