Source: X
PRAVASAM

ഒട്ടകങ്ങൾക്കും പാസ്‌പോർട്ട്; സൗദിയുടെ പുതിയ പരിഷ്കാരത്തിന് പിന്നിലെന്ത്?

സൗദി പൗരന്മാരുടെ പാസ്‌പോർട്ടിന് സമാനമായി പച്ച നിറത്തിലുള്ള കവറോടു കൂടിയതാണ് ഒട്ടകങ്ങൾക്കുള്ള പാസ്‌പോർട്ടും...

Author : ന്യൂസ് ഡെസ്ക്

റിയാദ്: രാജ്യത്തെ ഒട്ടകങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്നതിനും അവയുടെ ഉടമസ്ഥാവകാശം സംരക്ഷിക്കുന്നതിനുമായി ഒട്ടകങ്ങൾക്ക് പാസ്‌പോർട്ട് സംവിധാനം ഏർപ്പെടുത്തി സൗദി അറേബ്യ. രാജ്യത്തെ ഒട്ടകങ്ങളുടെ വിപണനം ക്രമീകരിക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഈ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്.

എന്താണ് 'ഒട്ടക പാസ്‌പോർട്ട്'?

സൗദി പൗരന്മാരുടെ പാസ്‌പോർട്ടിന് സമാനമായി പച്ച നിറത്തിലുള്ള കവറോടു കൂടിയതാണ് ഒട്ടകങ്ങൾക്കുള്ള പാസ്‌പോർട്ടും. സൗദി അറേബ്യയുടെ ഔദ്യോഗിക ചിഹ്നവും സ്വർണനിറത്തിലുള്ള ഒട്ടകത്തിൻ്റെ ചിത്രവും ഇതിലുണ്ട്. ഒട്ടകത്തിൻ്റെ പേര്, ജനനത്തീയതി, ഇനം, ലിംഗം, നിറം, ജനിച്ച സ്ഥലം എന്നിവ ഇതിൽ രേഖപ്പെടുത്തും. കൂടാതെ, ഒട്ടകത്തിൽ ഘടിപ്പിച്ചിട്ടുള്ള മൈക്രോചിപ്പ് നമ്പറും പാസ്‌പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയുന്നതിനായി മൃഗത്തിൻ്റെ ഇരുവശങ്ങളിൽ നിന്നുമുള്ള ഫോട്ടോകളും ഇതിൽ പതിപ്പിക്കും.

പ്രധാന ലക്ഷ്യങ്ങൾ:

- ഉടമസ്ഥാവകാശം: ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനും നിയമവിരുദ്ധമായ കൈമാറ്റം തടയുന്നതിനും ഇത് സഹായിക്കും.

- ആരോഗ്യ സുരക്ഷ: ഒട്ടകങ്ങൾക്ക് നൽകുന്ന കുത്തിവയ്പ്പുകളുടെയും ചികിത്സകളുടെയും വിവരങ്ങൾ രേഖപ്പെടുത്താൻ പാസ്‌പോർട്ടിൽ പ്രത്യേക കോളങ്ങൾ ഉണ്ടാകും. ഇത് വെറ്ററിനറി ഡോക്ടർമാർക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.

- വിപണനം: ഒട്ടകങ്ങളുടെ വിൽപനയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള മാറ്റവും കൂടുതൽ സുതാര്യമാക്കാൻ പാസ്പോർട്ട് സഹായിക്കും.

സൗദി അറേബ്യയുടെ പൈതൃകത്തിലും സമ്പദ്‌വ്യവസ്ഥയിലും ഒട്ടകങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ഏകദേശം 22 ലക്ഷത്തോളം ഒട്ടകങ്ങൾ സൗദിയിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

SCROLL FOR NEXT