2025ലെ ഹജ്ജ് സീസൺ ആരംഭിച്ചതിന് പിന്നാലെ ആരോഗ്യരംഗത്ത് ആവശ്യമായ സേവനങ്ങളുമായി സൗദി അറേബ്യ. സന്ദർശനത്തിനെത്തുന്ന ലക്ഷകണക്കിന് തീർഥാടകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് വിപുലമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു.
റിയാദിൽ നടന്ന പത്രസമ്മേളനത്തിൽ ആരോഗ്യമന്ത്രി ഫഹദ് അൽ ജലജൽ, 11 എയർ ആംബുലൻസ്, 900 ആംബുലൻസുകൾ, 71 പ്രഥമശുശ്രൂഷാ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന രാജ്യത്തിൻ്റെ മെഡിക്കൽ സംവിധാനത്തെ പറ്റി വിശദീകരിച്ചുവെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
75000 ലധികം പാരാമെഡിക്കുകൾ ഇത്തരത്തിലുള്ള ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഹജ്ജിനെത്തുന്നവർക്ക് ആശ്വാസമെന്നോളം സംയോജിതവും സാങ്കേതികവും നൂതനവുമായ ഈ സംവിധാനം അടിയന്തര സംവിധാനത്തിൻ്റെ നട്ടെല്ലാണ് എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഇന്നുവരെ, 14 എൻട്രി പോയിൻ്റുകളിലായി 50,000-ത്തിലധികം മെഡിക്കൽ സേവനങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെ എത്തിയ ഒരു തീർഥാടകർക്ക് പോലും യാതൊരു വിധത്തിലുള്ള രോഗവും സ്ഥിരീകിച്ചിട്ടില്ലെന്നും, പ്രതിരോധപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ആരോഗ്യവിഭാഗം അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കിടക്കകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 60 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നും, പ്രതിവർഷം തീർഥാടകരുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ടെന്നും ആഗോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.