ദുബായ്: ഇസ്ലാമാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തന ചുമതല ഏറ്റെടുക്കാനുള്ള കരാറില്‍ നിന്ന് പിന്മാറി യുഎഇ. 2025 ഓഗസ്റ്റ് മുതലുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് യുഎഇ വിമാനത്താവളം ഏറ്റെടുക്കാന്‍ യുഎഇയും പാകിസ്ഥാനും കരാറിലെത്തിയിരുന്നത്. എന്നാല്‍ അവസാന നിമിഷം പദ്ധതിയില്‍ നിന്ന് പിന്മാറിയതോടെ പാകിസ്ഥാന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ന്യൂഡല്‍ഹിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നീക്കം. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന താല്‍പ്പര്യം നഷ്ടപ്പെട്ടതും വിമാനത്താവളം ഏറ്റെടുത്ത് നടത്തുന്നതിനായി പ്രാദേശികമായി പങ്കാളിയെ ലഭിക്കാത്തതുമാണ് പദ്ധതിയില്‍ നിന്നും യുഎഇ പിന്മാറുന്നത് എന്ന് പാകിസ്ഥാന്‍ മാധ്യമമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎഇയും പാകിസ്ഥാനും തമ്മുലുള്ള ബന്ധം ഉലയുന്നതിന്റെ ഭാഗമാണ് കരാറില്‍ നിന്നുള്ള പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യെമന്‍ വിഷയത്തിലടക്കം യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ഭിന്നതയും കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമാണെന്ന് കരുതുന്നു. പാകിസ്ഥാന്‍ സൗദി അറേബ്യയുമായും ഇന്ത്യ യുഎഇയുമായും അടുക്കുന്നതിനിടെയാണ് കരാറില്‍ നിന്നുള്ള പിന്മാറ്റം.
2025 സെപ്റ്റംബറില്‍ സൗദി അറേബ്യ പാകിസ്ഥാനുമായി പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. ഇതുപ്രകാരം ഒരാളെ ആക്രമിക്കുന്നത് രണ്ടുപേര്‍ക്കും എതിരായ ആക്രമണമായി കണക്കാക്കുന്നുണ്ട്. അതേസമയം ഇന്ത്യയുമായി യുഎഇ പുതിയ പ്രതിരോധ കരാറുകളില്‍ ഒപ്പുവച്ചപ്പോള്‍ സൗദി അറേബ്യ പാകിസ്ഥാനുമായാണ് കരാറില്‍ ഏര്‍പ്പെടുന്നത്.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യുഎഇ പാകിസ്ഥാന്റെ ഏറ്റവും വലിയ വ്യപാര പങ്കാളികളില്‍ ഒരാളായിരുന്നു. ഇരു രാജ്യങ്ങളും നേരത്തെ പ്രതിരോധം, ഊര്‍ജം, നിക്ഷേപ സംരംഭങ്ങള്‍ എന്നിവയുമായി സഹകരിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍, ലൈസന്‍സ് സംബന്ധമായ തര്‍ക്കങ്ങള്‍ എന്നിവ കാരണം പാകിസ്ഥാനുമായുള്ള ബന്ധത്തിന്റെ ദൃഢത കുറഞ്ഞു വരികയായിരുന്നു.