എണ്ണച്ചോർച്ചയെ തുടർന്ന് ഷാർജയിലെ തീരപ്രദേശങ്ങളിൽ നിയന്ത്രണം തുടരുന്നു 
PRAVASAM

യുഎഇയിൽ എണ്ണച്ചോർച്ച; ഷാർജയിലെ ബീച്ചുകൾ അടച്ചിട്ട് ദിവസങ്ങൾ, തുറക്കുന്നത് എന്ന്

ടാങ്കറിൽ നിന്നുള്ള എണ്ണച്ചോർച്ചയെ തുടർന്ന് ഷാർജയിലെ ബീച്ചുകൾ അടച്ചിട്ടു. ഒക്ടോബർ 28 മുതൽ നിയന്ത്രണം തുടരുന്നു.

Author : ന്യൂസ് ഡെസ്ക്

ഷാര്‍ജ: കടലില്‍ ടാങ്കറില്‍ നിന്നുള്ള എണ്ണ ചോര്‍ച്ചയെത്തുടര്‍ന്ന് ഷാര്‍ജ നഗരത്തിലെ ബീച്ചുകള്‍ താല്‍ക്കാലികമായി അടച്ചു. ഒക്ടോബര്‍ 28-ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനുശേഷം ബീച്ചുകള്‍ വീണ്ടും തുറക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

മുന്‍കരുതല്‍ നടപടിയായാണ് ഒക്ടോബര്‍ 28-ന് ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ നഗരത്തിലെ ബീച്ചുകള്‍ അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ചത്. ബീച്ചുകള്‍ സംരക്ഷിക്കുന്നതിനും തീരത്തേക്ക് മലിനീകരണം വ്യാപിപ്പിക്കുന്നത് തടയുന്നതിനുമുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എമിറേറ്റിലെ വിദഗ്ധ സംഘങ്ങളെയും ബന്ധപ്പെട്ട അധികാരികളെയും ചുമതലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം റാസല്‍ഖൈമയിലും ഉമ്മുല്‍ ഖൈവനിലും ബീച്ചുകള്‍ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണമുള്ള തീരപ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കാനും അധികാരികള്‍ താമസക്കാരോടും സന്ദര്‍ശകരോടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ടാങ്കറിലുണ്ടായ എണ്ണ ചോര്‍ച്ച എമിറന്റിന്റെ തീരപ്രദേശങ്ങളെ ബാധിച്ചതായി കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ഒക്ടോബര്‍ 23-ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഉമ്മുല്‍ ഖൈവനിലെ എല്ലാ ബീച്ചുകളും തീരപ്രദേശങ്ങളും താല്‍ക്കാലികമായി അടച്ചത്.

ടാങ്കറില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച നിലച്ചതായും കൂടുതല്‍ ചോര്‍ച്ചകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും യുഎഇ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മലിനീകരണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും തീരപ്രദേശങ്ങളില്‍ ഫീല്‍ഡ് സര്‍വേകളും നിരീക്ഷണവും ശുചീകരണ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.

മുന്‍കരുതല്‍ എന്ന നിലയിലാണ് ബീച്ചുകള്‍ അടച്ചു പൂട്ടിയതെന്നും ഇതിന് മലിനീകരണം സ്ഥിരീകരിച്ചു എന്ന് അര്‍ത്ഥമില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിരീക്ഷണവും ശുചീകരണവും തുടരുന്നതിനൊപ്പം പൊതുജനങ്ങളുടെ സുരക്ഷയും സമുദ്ര പരിസ്ഥിതിയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിയന്ത്രണങ്ങള്‍.

SCROLL FOR NEXT