ഷാർജ: എമിറേറ്റിൽ ജൂലൈ ഒന്ന് മുതൽ പാർക്കിങ് സമയം രാത്രി 12 വരെയാക്കുന്നു. പുതിയ നിയമപ്രകാരം ഷാർജ സിറ്റി, കൽബ, ഖോർഫുക്കാൻ, ദൈദ് എന്നിവിടങ്ങളിലെ എല്ലാ പെയ്ഡ് പാർക്കിങ് മേഖലകളിലും അർധരാത്രി 12 വരെ പാർക്കിങ് ഫീസ് നൽകേണ്ടി വരും. ഷാർജ സിറ്റി മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വ്യത്യസ്ത സമയങ്ങളുണ്ടായിരുന്ന മഞ്ഞ, നീല നിറങ്ങളിലുള്ള പാർക്കിങ് മേഖലകളെ ഒരേ സമയക്രമത്തിലേക്ക് (രാവിലെ എട്ട് മുതൽ അർധരാത്രി 12 വരെ) ഏകീകരിച്ചു. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. എന്നാൽ, അവധി ദിവസങ്ങളിലും ഫീസ് ഈടാക്കുന്ന പ്രത്യേക മേഖലകളിൽ മാറ്റമുണ്ടാകില്ല. പാർക്കിങ് സമയം നീട്ടിയെങ്കിലും സീസണൽ പാർക്കിങ് പെർമിറ്റുകളുടെ നിരക്കുകളിൽ വർധന വരുത്തിയിട്ടില്ല. രാത്രി പത്തിന് ശേഷമുള്ള പാർക്കിങ് ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് തീരുമാനം സഹായകമാകും.
നഗരത്തിൽ വർധിച്ചുവരുന്ന ജനസാന്ദ്രത, ടൂറിസം മേഖലയിലെ വളർച്ച, വാണിജ്യ ആവശ്യങ്ങൾ എന്നിവ കണക്കിലെടുത്താണ് പാർക്കിങ് സമയം നീട്ടിയതെന്നു പബ്ലിക് പാർക്കിങ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഹമദ് അൽ ഖായിദ് വ്യക്തമാക്കി.