PRAVASAM

ആളും ആരവവും അരങ്ങുമൊരുങ്ങി; സോപാനം വാദ്യസംഗമം 2025ന് മണിക്കൂറുകള്‍ മാത്രം

ഡിസംബര്‍ 5 വെള്ളി വൈകീട്ട് കൃത്യം 4 മണി മുതല്‍ ലോകമേള കലാ ചരിത്രത്തിലെ വിസ്മയകരമായൊരു ഏടിന് പവിഴദ്വീപ് സാക്ഷിയാകും.

Author : ന്യൂസ് ഡെസ്ക്

മനാമ: സോപാനം വാദ്യകലാസംഘത്തിന്റെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മീഡിയ ഇവന്റ്‌സിന്റെ സഹകരണത്തില്‍ ഇന്ത്യക്ക് പുറത്തുനടക്കുന്ന ഏറ്റവും വലിയ മേളകലാവിരുന്നിന് ഇനി മണിക്കൂറുകള്‍ മാത്രം. ടുബ്ലി അദാരിപാര്‍ക്ക് ഗ്രൗണ്ടില്‍ ബഹറിനിലെ ഏറ്റവും വലിയ സാംസ്‌കരിക വേദിയുടെ അരങ്ങ് നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഡിസംബര്‍ 5 വെള്ളി വൈകീട്ട് കൃത്യം 4 മണി മുതല്‍ ലോകമേള കലാ ചരിത്രത്തിലെ വിസ്മയകരമായൊരു ഏടിന് പവിഴദ്വീപ് സാക്ഷിയാകും.

വാദ്യസംഗമത്തില്‍ പങ്കെടുക്കാനായി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പത്മശ്രീ ജയറാം, കാഞ്ഞിലശ്ശേരി പത്മനാഭന്‍, അമ്പലപ്പുഴ വിജയകുമാര്‍, മട്ടന്നൂര്‍ ശ്രീരാജ്, മട്ടന്നൂര്‍ ശ്രീകാന്ത്, ചിറക്കല്‍ നിധീഷ്, വെള്ളിനേഴി രാംകുമാര്‍, മട്ടന്നൂര്‍ അജിത്ത്, കടന്നപ്പള്ളി ബാലകൃഷ്ണ മാരാര്‍, കൊരയങ്ങാട് സാജു, അരവിന്ദന്‍ കാഞ്ഞിലശ്ശേരി എന്നിവരടക്കം മുപ്പതോളം കലാകാരന്മാര്‍ ബഹറൈനില്‍ എത്തിചേര്‍ന്നു. കലാകാരന്മാര്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ബഹറൈന്‍ എയര്‍പോര്‍ട്ടില്‍ സോപാനം കുടുംബാംഗങ്ങള്‍ ഒരുക്കിയത്.

പ്രശസ്ത ഗായിക ലതിക ടീച്ചര്‍, ഗായകരായ ഏലൂര്‍ ബിജു, മിഥുന്‍ ജയരാജ് എന്നിവര്‍ വ്യാഴാഴ്ച രാവിലെ എത്തിച്ചേരും. മുന്നൂറില്‍ പരം വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന വമ്പിച്ച പഞ്ചാരിമേളം, എഴുപതില്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന സോപാനസംഗീതം, നൂറില്‍പരം നര്‍ത്തകരുടെ വര്‍ണ്ണോത്സവം എന്നിവയുടെ പരിശീനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നു.

വിപുലമായ സംഘാടകസമിതി അണിയറ ഒരുക്കങ്ങല്‍ സജീവമായി മുന്നേറുന്നു പതിനായിരത്തോളം ആസ്വാദകരെ പ്രതീക്ഷിക്കുന്ന വാദ്യസംഗമത്തില്‍ ബഹറിനില്‍ ഇതുവരെ നിര്‍മ്മിച്ചതിലെ പടുകൂറ്റന്‍ വേദിയുടെ നിര്‍മ്മാണം പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ വാദ്യസംഗമം മറ്റൊരു ദൃശ്യവ്‌സ്മയമായി മാറും.

സോപാനം വാദ്യകലാസംഘത്തില്‍ പരിശീലനം നേടിയ 53 പുതുമുഖങ്ങള്‍ സോപാന സംഗീതത്തിലും, പഞ്ചാരിമേളത്തിലുമായി വാദ്യകലാരംഗത്തേക്ക് അരങ്ങേറുന്നു എന്നതും പ്രത്യേകതയാണ്.

വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതല്‍ മട്ടന്നൂര്‍ ശ്രീരാജ്, ചിറക്കല്‍ നിധീഷ് എന്നിവരുടെ തായമ്പകയോടെ ആരംഭിക്കുന്ന വാദ്യസംഗമത്തില്‍ നൂറില്‍ പരം നര്‍ത്തകരുടെ വര്‍ണ്ണോത്സവം നൃത്തപരിപാടിയും, തുടര്‍ന്ന് വര്‍ണ്ണാഭ ഘോഷയാത്രയും നടക്കും. എഴുപതില്‍ പരം കലാകാരന്മാരുടെ സോപാനസംഗീതം അമ്പലപ്പുഴ വിജയകുമാറും, ഏലൂര്‍ ബിജുവും, സന്തോഷ് കൈലാസും നയിക്കും. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരും ചലച്ചിത്രതാരം ജയറാമും ഒരുക്കുന്ന പഞ്ചാരി മേളത്തില്‍ മുന്നൂറില്‍ പരം കലാകാരന്മാര്‍ പങ്കെടുക്കും. ഗായിക ലതിക ടീച്ചറും, ഗായകന്‍ മിഥുന്‍ ജയരാജും നയിക്കുന്ന കാതോടു കാതോരം സംഗീത പരിപാടിയോടെ ഈവര്‍ഷത്തെ വാദ്യസംഗമത്തിനു പരിസമാപ്തിയാകും.

സോപാനം ഡയറക്ടറും ഗുരുവുമായ ഗുരു സന്തോഷ് കൈലാസിന്റെയും കോണ്‍വെക്‌സ് അജിത്ത് നായരുടേയും നേതൃത്വത്തില്‍, ചന്ദ്രശേഖരന്‍ ചെയര്‍മാനും ജോഷി ഗുരുവായൂര്‍.കണ്‍വീനറുമായ 300 അംഗ സംഘാടക സമിതിയാണ് വാദ്യസംഗമം 2025ന്റെ സംഘാടകര്‍.

SCROLL FOR NEXT