കാലാവസ്ഥ പ്രവചനപ്രകാരം ബഹ്റൈനിൽ വേനൽ സീസൺ ഇന്ന് മുതൽ ആരംഭിക്കുമെന്ന് അധികൃതർ. വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ വേനൽ സീസണും ഈ കാലയളവിലാണ്. ഇനിയുള്ള 93 ദിവസങ്ങളിൽ രാവും പകലും ചൂടായിരിക്കും. രാവിലെ 4.45ന് ഉദയവും വൈകീട്ട് 6.32 അസ്തമയവുമുള്ള ദിനങ്ങളാണ് വരാനിരിക്കുന്നത്. അതേസമയം, വേനൽ സീസണിലേക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് നേരത്തെ ആരംഭിച്ചിരുന്നു.
പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ വേനൽക്കാല പകൽ തൊഴിൽ നിരോധനം കഴിഞ്ഞ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് നാലുമണി വരെ തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നതിനാണ് നിരോധനം. സെപ്റ്റംബർ 15 വരെ മൂന്നു മാസത്തേക്കായിരിക്കും നിരോധനമെന്ന് നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസുഫ് ഖലഫ് അറിയിച്ചിരുന്നു. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ബഹ്റൈൻ ഈ നിരോധനം നടപ്പാക്കുന്നത്.
ഇതുവരെ രണ്ടുമാസത്തേക്കായിരുന്നു തൊഴിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഈ വർഷം മുതലാണ് മൂന്നുമാസമായി നീട്ടാൻ തീരുമാനമെടുത്തത്. വേനൽക്കാലത്ത് ഉച്ചസമയത്തെ ജോലിക്ക് ഏർപ്പെടുത്തിയ നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചുട്ടുണ്ട്. നിയമലംഘനങ്ങൾക്ക് മൂന്നു മാസം വരെ തടവും 500 മുതൽ 1000 ബഹ്റൈൻ ദീനാർ വരെ പിഴയും അല്ലെങ്കിൽ രണ്ടുംകൂടിയുമുള്ള ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.