Image: Freepik
PRAVASAM

കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ വേണ്ട; ചരിത്രപരമായ തീരുമാനവുമായി യുഎഇ

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റല്‍ സ്‌പേസ് സൃഷ്ടിക്കുന്നതിനുമാണ് നിയന്ത്രണം

Author : ന്യൂസ് ഡെസ്ക്

ദുബായ്: 15 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയത്തിന് യുഎഇയില്‍ വിലക്ക്. കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ. പുതിയ ഉത്തരവനുസരിച്ച് 15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ പേഴ്‌സണല്‍ അക്കൗണ്ട് നിര്‍മിക്കാനോ ഉപയോഗിക്കാനോ കഴിയില്ല.

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റല്‍ സ്‌പേസ് സൃഷ്ടിക്കുന്നതിനുമാണ് പുതിയ നിയന്ത്രണം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് ഇതിന് അനുസൃതമായി മാറാന്‍ 12 മാസം വരെ സമയം നല്‍കിയിട്ടുണ്ട്.

15 നും 16 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക്, സുരക്ഷാ മാനദണ്ഡങ്ങളോടെയേ സോഷ്യല്‍ മീഡിയ ലഭ്യമാകൂ. പ്രായത്തിന് അനുയോജ്യമായ ഉള്ളടക്ക ഫില്‍ട്ടറുകള്‍ നടപ്പിലാക്കുക, പരസ്പരമുള്ള ഇടപെടലുകള്‍ പരിമിതപ്പെടുത്തുക, സ്‌ക്രീന്‍ സമയം നിയന്ത്രിക്കുക, മാതാപിതാക്കളുടെ നിയന്ത്രണ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുക എന്നിവ പ്ലാറ്റ്ഫോമുകള്‍ നിര്‍ബന്ധമായും ചെയ്യണം. ചുരുക്കത്തില്‍, യു.എ.ഇയില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിബന്ധനകള്‍ക്ക് വിധേയമായിരിക്കും.

മാതാപിതാക്കള്‍ അനുവാദം നല്‍കിയാല്‍ പോലും, പ്രായപരിധിയില്‍ താഴെയുള്ള ഉപയോക്താക്കള്‍ക്ക് നിയമപരമായി ഈ നിയന്ത്രണം ലംഘിക്കാന്‍ കഴിയില്ല.

പുതിയ നിയമങ്ങള്‍ അനുസരിച്ച്, കുട്ടികളുടെ പെരുമാറ്റരീതികള്‍ നിരീക്ഷിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഒരു വാണിജ്യ ആവശ്യങ്ങള്‍ക്കായും അവരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇനി അനുമതിയുണ്ടായിരിക്കില്ല.

SCROLL FOR NEXT