വീഡിയോ അനോമലി ഡിറ്റക്ഷൻ എഐ ഇമേജ്  Source: AI Generated Photo
PRAVASAM

കുറ്റകൃത്യം നടക്കുന്നതിന് മുമ്പ് അത് എഐ കണ്ടുപിടിച്ചാലോ! യുഎഇയില്‍ പൊലീസിനെ സഹായിക്കാന്‍ പുതിയ സിസ്റ്റം

അസാധാരണമായി എന്തെങ്കിലും നടക്കുന്നത് തിരിച്ചറിയാന്‍ "സാധിക്കുന്ന വീഡിയോ അനോമലി ഡിറ്റക്ഷന്‍ സിസ്റ്റമാണ് അല്‍മാരി വികസിപ്പിച്ചത്"

Author : ന്യൂസ് ഡെസ്ക്

ദുബായ് പൊലീസിലെ അംഗവും റിസര്‍ച്ചറുമായ ഡോ. സലീം അല്‍മാരിയുടെ കണ്ടുപിടുത്തമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കുറ്റകൃത്യം നടക്കുന്നതിന് മുമ്പ് തന്നെ അത് മുന്‍കൂട്ടി അറിയിക്കാന്‍ പൊലീസിനെ സഹായിക്കുന്ന എഐ സിസ്റ്റമാണ് അല്‍മാരി വികസിപ്പിച്ചത്.

മുഹമ്മദ് ബിന്‍ സയീദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് പിഎച്ച്ഡി നേടുന്ന ആദ്യ എമിറാത്തി കൂടിയാണ് അല്‍മാരി. അസാധാരണമായി എന്തെങ്കിലും നടക്കുന്നത് തിരിച്ചറിയാന്‍ സാധിക്കുന്ന വീഡിയോ അനോമലി ഡിറ്റക്ഷന്‍ സിസ്റ്റമാണ് അല്‍മാരി വികസിപ്പിച്ചത്. എന്തെങ്കിലും ഒരു കുറ്റകൃത്യം നടന്നെന്ന് പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ സംശയാസ്പദമായി എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസിനെ ഇത് അലേര്‍ട്ട് ചെയ്യും.

'മനുഷ്യനോ മറ്റെന്തെങ്കിലും വസ്തുക്കളോ നടക്കുന്നതും നോക്കുന്നതും നില്‍ക്കുന്നതുമൊക്കെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. പക്ഷെ അതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ എങ്ങെ തിരിച്ചറിയും? അതായത്, ഒരാള്‍ വളരെ മോശമായ രീതിയില്‍ നടന്നു പോയാല്‍ അതിലെന്തോ അസാധാരണത്വമുണ്ടെന്ന് മനസിലാക്കാം. അത് ചിലപ്പോള്‍ ഒരു വാഹനാപകടമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരു ആക്‌സിഡന്റോ ആകാം. ചിലപ്പോള്‍ ഒരു അടിപിടിയും ആവാം. ഈ അസാധാരണത്വത്തെ എങ്ങെ തിരിച്ചറിയാമെന്ന് എഐക്ക് ട്രെയ്‌നിങ് നല്‍കുകയാണ് ചെയ്യുന്നത്,' അല്‍മാരി ഖലീജ് ടൈംസിനോട് പറഞ്ഞു.

ഒരു മോഷണം നടക്കാന്‍ പോകുമ്പോള്‍ എങ്ങനെയായിരിക്കും അതിന് മുമ്പുള്ള ചലനങ്ങള്‍ ഉണ്ടാവുക, അല്ലെങ്കില്‍ ഒരു ആക്രമണം നടക്കുമ്പോള്‍ അതിന് തൊട്ടു മുമ്പുണ്ടാകുന്ന സാഹചര്യം എന്തായിരിക്കും എന്നിങ്ങനെ എഐയെ ട്രെയിന്‍ ചെയ്യിക്കുകയാണ് അല്‍മാരി ചെയ്യുന്നത്.

ഒരാള്‍ വന്ന് ക്യാഷറുടെ അടുത്ത് പണം ചോദിക്കുന്നെന്ന് വയ്ക്കുക. ചോദിക്കുന്നതിലെ വ്യത്യാസം ഒരു പക്ഷെ ഒരു സാധാരണ ക്യാമറയ്ക്ക് മനസിലാകില്ല. എന്നാല്‍ എഐ സിസ്റ്റത്തിലൂടെ അയാളുട ചലനങ്ങളും സാഹചര്യങ്ങളും മനസിലാക്കി, പണം ചോദിക്കുന്നത് സാധാരണ ഗതിയിലാണോ, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തിയാണോ എന്ന് മനസിലാകുമെന്നാണ് അല്‍മാരി പറയുന്നത്.

സാധാരണ ക്യാമറകള്‍ കനത്ത മഞ്ഞ് പോലുള്ള മോശം കാലാവസ്ഥയില്‍ പ്രവര്‍ത്തന രഹിതമാകുമെങ്കില്‍ എഐ സപ്പോര്‍ട്ടോടുകൂടി വരുന്ന ഈ ക്യാമറകള്‍ക്ക് അത്തരമൊരു പ്രശ്‌നം ഉണ്ടാകില്ലെന്നും അല്‍മാരി പറയുന്നുണ്ട്.

SCROLL FOR NEXT