PRAVASAM

'തീവ്രവാദ റിക്രൂട്ട്മെൻ്റിനായി പുതിയ തന്ത്രങ്ങൾ'; മുന്നറിയിപ്പുമായി യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി

സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണമെന്നും, തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

അബുദാബി: വ്യാജ സന്ദേശങ്ങൾ അയച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി. സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണമെന്നും, തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു പ്രസ്താവനയിലാണ് വകുപ്പ് ഈ വിവരം പങ്കുവച്ചതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഒരു ബോധവൽക്കരണ വീഡിയോയും മുന്നറിയിപ്പിനൊപ്പം ഉണ്ടായിരുന്നു. ഭിന്നിപ്പിക്കുന്നതും അസഹിഷ്ണുതയുള്ളതുമായ പ്രത്യയശാസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തിയെ അവരിൽ ഒരാൾ സന്ദർശിക്കാൻ തുടങ്ങിയതിനുശേഷം, ജീവിതത്തിൽ ചില മാറ്റങ്ങൾ വരുന്ന ഒരു കൂട്ടം സുഹൃത്തുക്കളെയാണ് ഈ ഹ്രസ്വചിത്രം ചിത്രീകരിക്കുന്നത്.

കാലക്രമേണ, ആ മനുഷ്യൻ തീവ്രമായ വീക്ഷണങ്ങൾ സ്വീകരിക്കുന്നു. അതുവരെ ഉണ്ടായിരുന്ന സാമൂഹിക വലയത്തിൽ അയാൾ മനപൂർവം പിന്മാറുകയും ചെയ്യുന്നു. അതോടെ ആ വ്യക്തി കൂടുതൽ ഒറ്റപ്പെടുകയും, മറ്റുള്ളവരെ സ്വാധീനിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയിലൂടെ അവതരിപ്പിക്കുന്നുണ്ട്.

സുഹൃത്തിൻ്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സൂഹൃത്ത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും തരത്തിലുള്ള പ്രവൃത്തികൾ റിപ്പോർട്ട് ചെയ്യാൻ, എസ്എസ്ഡി ടോൾ ഫ്രീ നമ്പറായ 8006600 ൽ ബന്ധപ്പെടണമെന്നും വകുപ്പ് പൊതുജനങ്ങളോട് നിർദേശിച്ചു.

SCROLL FOR NEXT