SOCIAL

പോക്കറ്റിലിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു; മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ 50കാരന്റെ വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റു

അപകടത്തിന് പിന്നാലെ പൊള്ളലേറ്റയാളെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചു.

Author : ന്യൂസ് ഡെസ്ക്

മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പോക്കറ്റില്‍ ഇരുന്ന ലിഥിയം പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് യാത്രക്കാരന്റെ വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റു. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തില്‍ നിര്‍ഭാഗ്യകരമായ സംഭവം നടന്നത്.

അപകട സമയത്ത് യാത്രക്കാരന്‍ ഖ്വാന്റാസ് ബിസിനസ് ലോഞ്ചിലായിരുന്നു. പവര്‍ ബാങ്കിന്റെ ബാറ്ററി ചൂടായാണ് പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചത്. പവര്‍ബാങ്ക് പൊട്ടിത്തെറിച്ചതോടെ ലോഞ്ച് ഏരിയ മുഴുവന്‍ പുക നിറഞ്ഞു. 150 ഓളം പേരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. അപകടത്തിന് പിന്നാലെ പൊള്ളലേറ്റയാളെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്ക് ശേഷം ഇയാളെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചുവെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

'പെട്ടെന്ന് ലോഞ്ചിന്റെ മറുഭാഗത്ത് നിന്ന് ഒരു അലര്‍ച്ച കേട്ടു. പിന്നാലെ നിറയെ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ പുകയും,' ഒരു ദൃക്‌സാക്ഷി പറഞ്ഞു.

യാത്രക്കാരന്റെ കോട്ടിനാണ് തീപിടിച്ചത്. ലോഞ്ചില്‍ കടുത്ത പുകയും മണവും കാരണം എല്ലാവരെയും പുറത്തേക്ക് മാറ്റിയെന്ന് ആ സമയം ലോഞ്ചിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സംഭവം നടക്കുമ്പോള്‍ ചലച്ചിത്ര നിര്‍മാതാവ് ലീന്‍ ടോങ്ക്‌സും ലോഞ്ചിലുണ്ടായിരുന്നു. പൊട്ടിത്തെറിച്ച പവര്‍ ബാങ്കിന്റെ ചിത്രം ലീനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

'മെല്‍ബണിലെ ഖ്വാന്റാസ് ലോഞ്ചില്‍ ഒരു പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് ദൃക്‌സാക്ഷിയായപ്പോള്‍.... തീപിടിച്ച് പൊള്ളലേറ്റയാള്‍ക്ക് സുഖമായിരിക്കുന്നെന്ന് കരുതുന്നു. തീപിടിച്ചയാളെ രക്ഷിക്കാന്‍ ഒരാള്‍ മുന്നോട്ട് വന്നതും, അയാളെ ഷവറിനടിയില്‍ കൊണ്ട് നിര്‍ത്താന്‍ ഒരു സ്റ്റാഫ് വന്നതും എല്ലാവരെയും ലോഞ്ചിന് പുറത്താക്കിയതും എല്ലാം പെട്ടെന്നായിരുന്നു,' ലീന്‍ പറഞ്ഞു.

SCROLL FOR NEXT