ജിതേന്ദ്ര കുമാർ പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ Source: X/ Priyanshu Mishra
SOCIAL

VIDEO | പാമ്പിനെ ചുംബിച്ച് റീൽ ചിത്രീകരണം; കടിയേറ്റ 50കാരൻ ഗുരുതരാവസ്ഥയിൽ

വീഡിയോയിൽ പാമ്പിനെ ജിതേന്ദ്ര കുമാർ എടുത്ത് കഴുത്തിലിടുന്നതും, ചുംബിക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് ഇയാളെ കടിക്കുന്നതും കാണാം

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശ് മൊറാദാബാദിൽ പാമ്പിനെ ചുംബിച്ച് വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പാമ്പിൻ്റെ കടിയേറ്റ ആൾ ഗുരുതരാവസ്ഥയിൽ. ജയ്ബത്പൂർ ഗ്രാമത്തിൽ നിന്നുള്ള 50കാരനാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോ എടുക്കുന്നതിനിടെ നാവിൽ പാമ്പിൻ്റെ കടിയേറ്റത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ വിചിത്രമായ വീഡിയോ കാഴ്ചക്കാരിൽ നിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൈബത്പൂർ ഗ്രാമത്തിലെ അമ്രോഹ ജില്ലയിൽ ജിതേന്ദ്ര കുമാർ എന്ന കർഷകൻ പാമ്പിനെ എടുത്തുപിടിച്ച് ചുംബിച്ചുകൊണ്ട് വീഡിയോ എടുക്കാൻ ശ്രമിച്ചത്. ഓൺലൈനിൽ ആളുകളെ ആകർഷിക്കുന്നതിനായി ജിതേന്ദ്ര കുമാർ പാമ്പിനൊപ്പം പോസ് ചെയ്യുകയായിരുന്നു. നിരവധി പേർ അയാളുടെ സാഹസികത ക്യാമറയിൽ പകർത്തുകയും ചെയ്തു. ജിതേന്ദ്ര കുമാർ ലഹരിയുടെ സ്വാധീനത്തിലായിരുന്നു എന്നും ഈ സമയത്ത് പുകവലിച്ചിരുന്നുവെന്നും നാട്ടുകാർ പറയുന്നു. വീഡിയോയിൽ പാമ്പിനെ ജിതേന്ദ്ര കുമാർ എടുത്ത് കഴുത്തിലിടുന്നതും, ചുംബിക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് ഇയാളെ കടിക്കുന്നതും കാണാം. ഇത് കാഴ്ചക്കാരെ പരിഭ്രാന്തരാക്കുന്നുമുണ്ട്.

സമീപത്തെ ഒരു മതിലിൽ പാമ്പിനെ കണ്ടപ്പോൾ ഇയാൾ അതിനെ എടുത്ത് കഴുത്തിൽ ഇടുകയായിരുന്നുവെന്ന് ഗ്രാമത്തലവനായ ജയ്കിറത് സിങ് സംഭവത്തെ കുറിച്ച് വിശദീകരിച്ചു. കടിയേറ്റ ഉടനെ ജിതേന്ദ്ര കുമാർ പാമ്പിനെ താഴെ ഇട്ടുവെന്നും പാമ്പ് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങിയെന്നും ജയ്കിറത് സിങ് കൂട്ടിച്ചേർത്തു.

പാമ്പ് കടിയേറ്റതിനെ തുടർന്ന് സ്ഥിതി വളരെ പെട്ടെന്ന് വഷളായ കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മൊറാദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

SCROLL FOR NEXT