ന്യൂഡല്‍ഹി: നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഒന്നും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഡല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിളായ സോനിക യാദവ്. ഏഴ് മാസം ഗര്‍ഭിണിയായ സോനിക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് താരമായിരിക്കുകയാണിപ്പോള്‍. പങ്കെടുക്കുക മാത്രമല്ല, 145 കിലോ ഭാരമുയര്‍ത്തി മെഡലും സോനിക സ്വന്തമാക്കി.
ആന്ധ്രപ്രദേശില്‍ നടന്ന അഖിലേന്ത്യാ പോലീസ് ഭാരോദ്വഹന മത്സരത്തിലാണ് സോനിക ചരിത്രമെഴുതിയത്. ഏഴ് മാസം ഗര്‍ഭിണിയായ സോനിക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തതു തന്നെ പലര്‍ക്കും അത്ഭുതമായിരുന്നു. സംശയിച്ചവരെ അത്ഭുതപ്പെടുത്തിയാണ് 145 കിലോ വിഭാഗത്തില്‍ സോനികയുടെ മെഡല്‍ നേട്ടം. വെങ്കല മെഡലാണ് സോണിയ നേടിയത്.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഭാര്യ ജിമ്മില്‍ പോകുന്നതും പ്രാക്ടീസും നിര്‍ത്തുമെന്നായിരുന്നു ഭര്‍ത്താവ് കരുതിയത്. എന്നാല്‍, സോനിക ഉറപ്പിച്ചിരുന്നു, ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും, മെഡലും നേടും എന്ന്. ഒരു ദിവസം പോലും പരിശീലനം മുടക്കിയിട്ടില്ലെന്നും സോനിക പറയുന്നു. മത്സരത്തില്‍സ്‌ക്വാറ്റുകളില്‍ 125 കിലോയും ബെഞ്ച് പ്രസ്സില്‍ 80 കിലോയും തുടര്‍ന്ന് ഡെഡ്ലിഫ്റ്റില്‍ 145 കിലോയും സോനിക ഉയര്‍ത്തി.
ചാംപ്യന്‍ഷിപ്പില്‍ എത്തുന്നതിനു മുമ്പ് തന്നെ കൃത്യമായ പ്ലാനിങ്ങും സോനികയ്ക്കുണ്ടായിരുന്നു. ഗര്‍ഭിണിയായിരിക്കേ ഇതിന് മുമ്പ് ആരെങ്കിലും വെയ്റ്റ്‌ലിഫ്റ്റിങ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ലൂസി മാര്‍ട്ടിന്‍ എന്ന സ്ത്രീയെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയുന്നത് ഓണ്‍ലൈനില്‍ നിന്നാണ്. ഇന്‍സ്റ്റഗ്രാമില്‍ ലൂസിയെ പരിചയപ്പെട്ട് തയ്യാറെടുപ്പുകളെ കുറിച്ച് സോനിക ചോദിച്ചു മനസ്സിലാക്കി.
സോനികയുടെ പ്രകടനം കൈയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. മികച്ച പ്രോത്സാഹനം തന്നെ സോനികയ്ക്ക് എല്ലാവരും നല്‍കി.
മുന്‍ കബഡി താരം കൂടിയാണ് സോനിക. ജിമ്മില്‍ വെയ്‌റ്റെടുത്തപ്പോഴാണ് വെയ്റ്റ്‌ലിഫ്റ്റിങ്ങും തനിക്ക് വഴങ്ങുമെന്ന് തിരിച്ചറിഞ്ഞതെന്ന് സോനിക പറയുന്നു.