ഒരു കുഞ്ഞ് പാല് കുടിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ ആയിരിക്കുന്നത്. കുഞ്ഞുങ്ങള്‍ പാല് കുടിക്കും, എന്താണ് അതിനിത്ര പ്രത്യേകത? ഈ കുട്ടി കുടിക്കുന്നത് അമ്മയുടെ മുലപ്പാലോ, കുപ്പിപ്പാലോ അല്ല. പശുവിന്‍ പാലാണ്, അതും നേരിട്ട് അകിടിൽ നിന്ന്. " ഇത് കുഞ്ഞിന് നല്ലതാണോ?" എന്ന ക്യാപ്ഷനോടെയാണ് എക്സിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉടനെ തന്നെ വീഡിയോ വൈറലായി, ഒട്ടേറെ പേർ അതിന് താഴെ കമന്‍റുമായി എത്തി.
ഒന്‍പത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. അസംസ്കൃത പാൽ കുടിച്ചാൽ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നിരവധി ചർച്ചകളാണ് കമന്‍റ് ബോക്സിൽ നിറഞ്ഞത്. പലരും ഞെട്ടലും ആശങ്കയും പങ്കുവെച്ചു.
"നേരിട്ട് പശുവിൽ നിന്നെടുക്കുന്ന പാലിൽ നിറയെ ബാക്ടീരിയകള്‍ കാണും, അത് പാസ്ചറൈസേഷൻ ചെയ്താൽ മാത്രമേ ഇല്ലാതാവുകയുള്ളു. അതുകൊണ്ട് , കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതല്ല" എന്നാണ് ഒരു കമന്‍റ്. "ഇത് കാണാന്‍ തന്നെ ബുദ്ധിമുട്ട് തോന്നുന്നു, ആ കുഞ്ഞിലേക്ക് ഒരുപാട് രോഗാണുക്കള്‍ കയറാന്‍ സാധ്യതയുണ്ട്" എന്നാണ് മറ്റൊരു കമന്‍റ്. "ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പശു, ആട്, എരുമ എന്നിവയുടെ പാല് കൊടുക്കരുതെന്നും, അമ്മയുടെ പാലാണ് കൊടുക്കേണ്ടതെന്നുമാണ് മറ്റൊരു കമന്‍റ്."
"പാസ്ചറൈസ് ചെയ്യാത്ത പാൽ ഉപയോഗിക്കുന്ന ആർക്കും, പ്രത്യേകിച്ച് കുട്ടികൾക്ക് ധാരാളം ബാക്ടീരിയ രോഗങ്ങൾ ഉണ്ടാകും. അസംസ്കൃത പാലിൽ സാൽമൊണെല്ല, ഇ. കോളി, കാംപിലോബാക്ടർ, സ്റ്റാഫൈലോകോക്കസ് ഓറിയസ്, യെർസിനിയ, ബ്രൂസെല്ല, കോക്സിയല്ല, ലിസ്റ്റീരിയ തുടങ്ങിയ അപകടകരമായ ബാക്ടീരിയകൾ ഉണ്ട്. ഇത് മനസിലാക്കാനാണ് സ്കൂളുകളിലും ഫീൽഡ് ട്രിപ്പുകളിലും മറ്റും പാസ്ചറൈസേഷൻ പഠിപ്പിക്കുന്നതെന്നും" ഒരാള്‍ കമന്‍റ് ചെയ്തു.