മുസ്ലീം പെണ്‍കുട്ടികളുടെ ഓണാഘോഷവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ ചര്‍ച്ചകളോട് പ്രതികരിച്ച് സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. മുസ്ലീം സ്ത്രീകള്‍ക്ക് പാട്ടു പാടുന്നതിന് വിലക്കില്ല. കൊഞ്ചി കുഴയുന്നതിനും ശരീരഭാഗം പ്രദര്‍ശിപ്പിക്കുന്നതിനും അടിപൊളി വസ്ത്രം ധരിക്കുന്നതിനും യാതൊരു വിലക്കും ഇസ്ലാമില്‍ ഇല്ല. എന്നാല്‍ പൊതു സമൂഹത്തിനു മുമ്പിൽ ഇത് ശരിയല്ല. സ്വന്തം പ്രിയതമനു മുന്നിൽ എങ്ങനെ വേണമെങ്കിലും സ്ത്രീക്ക് പ്രത്യക്ഷപ്പെടാം. ഇതുപോലെ സഹധർമിണിക്കു മുന്നിൽ ഇപ്രകാരം ആകണമെന്ന് പുരുഷനോടും ഇസ്ലാം നിഷ്കർഷിക്കുന്നു. ഒരു മാനദണ്ഡവുമില്ലാതെ പെണ്ണ് ആണിനു മുന്നില്‍ അല്‍പ്പവസ്ത്രം ധരിച്ചുകൊണ്ട് ആടിക്കുഴയാനും തുള്ളാനും ഡാൻസ് ചെയ്യാനും തുടങ്ങിയാൽ അതിന്റെ അനന്തരഫലം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സമൂഹത്തിൽ അരാജകത്വം ഉണ്ടാകരുതെന്നാണ് ഇസ്ലാം ലക്ഷ്യമിടുന്നതെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
മുസ്ലീം പെൺകുട്ടികളുടെ ഓണാഘോഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. മുസ്ലീം പണ്ഡിതന്മാരുടെ വിലക്ക് ലംഘിച്ച് ഇസ്ലാമിക വേഷത്തോടു കൂടി തന്നെ ഓണാഘോഷത്തിന്റെ ഭാഗമായി ഡാൻസും തുള്ളലുകളും നടത്തി സ്വന്തം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ചെറുപ്പക്കാരികളെ മുസ്ലീം വിരുദ്ധർ നന്നായി ആഘോഷിക്കുകയാണ്. യൂട്യൂബിലും മറ്റും ഉള്ള ചില തല വാചകങ്ങൾ കാണുക: ഇളക്കി മറിച്ച് മുസ്ലിം യുവതികൾ, ഓണാഘോഷത്തിൽ താത്തമാരുടെ കൂത്താട്ടം, തട്ടമിട്ട് ഓണം കൂടി വിദ്വേഷത്തെ തോൽപ്പിച്ച് കേരളം, സോഷ്യൽ മീഡിയ തൂക്കി ഉമ്മച്ചി കുട്ടികൾ... ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തോട് വെറുപ്പും വിദ്വേഷവും ഉള്ള ചിലരാണ് ഇസ്ലാമിനെയും മുസ്ലിങ്ങൾക്കും എതിരെ ഉറഞ്ഞു തുള്ളുന്നത്.
ഇത്തരം ചർച്ചകളിൽ ഉയർന്നു കേൾക്കുന്ന ചില ചോദ്യങ്ങൾ: ഇസ്ലാമിൽ പെൺകുട്ടികൾ പാട്ടുപാടുന്നത് ഹറാം, ഡാൻസ് ചെയ്യുന്നത് ഹറാം, തട്ടമിട്ട് ഓണം ആഘോഷിക്കുന്നത് ഹറാം ഇതെല്ലാം ശരിയാണോ? സ്ത്രീകൾക്ക് എന്തിനാണ് ഇസ്ലാം ഇതൊക്കെ വിലക്കുന്നത്?
സദയം, സവിനയം ഉണർത്തട്ടെ. മുസ്ലീം സ്ത്രീകൾക്ക് പാട്ടുപാടുന്നതിന് യാതൊരു വിലക്കുമില്ല. കൊഞ്ചി കുഴയുന്നതിനും ശരീരഭാഗം പ്രദർശിപ്പിക്കുന്നതിനും അടിപൊളി വസ്ത്രം ധരിക്കുന്നതിനും ഒന്നും യാതൊരു വിലക്കും ഇസ്ലാമിലില്ല.
പൊതു സമൂഹത്തിനു മുമ്പിൽ ഇത് ശരിയല്ല എന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്. സ്വന്തം പ്രിയതമനു മുന്നിൽ എങ്ങനെ വേണമെങ്കിലും ഒരു സ്ത്രീക്ക് പ്രത്യക്ഷപ്പെടാൻ ഇസ്ലാം അനുമതി നൽകുന്നു. മാത്രമല്ല, അവനെ ഹരം പിടിപ്പിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കണമെന്നും ആകർഷകമായ രീതിയിൽ പ്രത്യക്ഷപ്പെടണമെന്നും സ്ത്രീയോട് ഇസ്ലാം നിർദ്ദേശിക്കുന്നു. ഇതുപോലെ തന്റെ സഹധർമ്മിണിക്ക് മുന്നിൽ ഇപ്രകാരം ആകണമെന്ന് പുരുഷനോടും ഇസ്ലാം നിഷ്കർഷിക്കുന്നു.
മറിച്ച്, ഒരു മാനദണ്ഡവുമില്ലാതെ പെണ്ണ് ആണിനു മുന്നിൽ അൽപ വസ്ത്രം ധരിച്ചുകൊണ്ട് ആടിക്കുഴയാനും തുള്ളാനും ഡാൻസ് ചെയ്യാനും തുടങ്ങിയാൽ അതിന്റെ അനന്തര ഫലം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സമൂഹത്തിൽ അരാജകത്വം ഉണ്ടാകരുത് എന്നാണ് ഇസ്ലാം ലക്ഷ്യമാക്കുന്നത്. ആണിനും പെണ്ണിനും യാതൊരു നിയന്ത്രണവും ഇല്ലാതെ ജീവിക്കാം എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല.