സാബുമോന്‍ Source : Facebook
SOCIAL

"മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും പകര്‍ത്തി കഴുകന്മാര്‍ക്ക് ഇട്ട് കൊടുക്കുന്നവര്‍"; ഓണ്‍ലൈന്‍ പാപ്പരാസികള്‍ക്കെതിരെ സാബുമോന്‍

സ്വകാര്യ ചടങ്ങിനെത്തിയ സാബുമോന്റെ വീഡിയോ പകര്‍ത്താനായി പാപ്പരാസികള്‍ ചുറ്റും കൂടുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

സിനിമാ-സോഷ്യല്‍ മീഡിയ താരങ്ങളെ വിടാതെ പിന്തുടര്‍ന്ന് വീഡിയോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ മോശം ക്യാപ്ക്ഷനോടെ പോസ്റ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ പാപ്പരാസികള്‍ക്കെതിരെ നടന്‍ സാബുമോന്‍ അബ്ദുസമദ്. ഇക്കട്ടൂരുടെ മുഖം ക്യാമറയില്‍ പകര്‍ത്തിയാണ് സാബുമോന്‍ പ്രതികരിച്ചത്. സ്വകാര്യ ചടങ്ങിനെത്തിയ സാബുമോന്റെ വീഡിയോ പകര്‍ത്താനായി പാപ്പരാസികള്‍ ചുറ്റും കൂടുകയായിരുന്നു. എന്നാല്‍ സാബുമോന്‍ ഇവരുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചതും മൊബൈല്‍ ഫോണുമായി പൊതിഞ്ഞവര്‍ മുഖം പൊത്തി ഓടുകയാണ് ചെയ്തത്. മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും പകര്‍ത്തി കഴുകന്മാര്‍ക്ക് ഇട്ട് കൊടുക്കുന്നവര്‍ എന്നാണ് സാബുമോന്‍ ഇവരെക്കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിച്ചത്. അതോടൊപ്പം വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

"കൈയ്യിലുള ഫോണുമായി എവിടെയും കേറും എന്തും ചോദിക്കും പറഞ്ഞതും പറയാത്തതും എല്ലാം ചേര്‍ത്ത് കൊടുക്കും.. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയില്‍ പകര്‍ത്തി കഴുകന്മാര്‍ക്ക് ഇട്ട് കൊടുക്കും, അത് ഞങ്ങളുടെ സ്വാതന്ത്യം ആണെന്ന് പറയുന്ന പാരലല്‍ വേള്‍ഡിലെ മാധ്യമ സിങ്കങ്ങള്‍ , ഫോണ്‍ ഒരെണ്ണം അവരുടെ നേര്‍ക്ക് തിരിഞ്ഞപ്പോള്‍ മുഖം പൊത്തിയും മറച്ചും മുഖം മൂടിയണിഞ്ഞും ഇരുട്ട് വാക്കിലേക്ക് ഓടി തള്ളുന്നു . ( ഇത് കാരണം എനിക്ക് വരാന്‍ പോകുന്ന ആക്രമണങ്ങള്‍ക്ക് പുല്ല് വില കൊടുത്ത് ഞാന്‍ പോസ്റ്റ് ചെയ്യുക ആണ് )", എന്നാണ് സാബുമോന്റെ കുറിപ്പ്.

നിരവധി പേരാണ് ഇതിന് പിന്നാലെ സാബുമോനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇത്തരക്കാര്‍ പലപ്പോഴും അതിരുവിടാറുണ്ടെന്നും ഇവര്‍ക്കൊരു പണി ആവശ്യമായിരുന്നു എന്ന തരത്തിലാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

ബിഗ്‌ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ മത്സരിച്ച ദിയ സനയും സാബുമോനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കണ്‍സെന്റോടെ വീഡിയോ പകര്‍ത്തുന്നതില്‍ പ്രശ്‌നമില്ലെന്ന് ദിയ സന പറയുന്നുണ്ട്. അതേസമയം അനുവാദമില്ലാതെ സ്ത്രീകളുടെ മോശം ആങ്കിളില്‍ നിന്ന് വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്നത് ശരിയല്ലെന്ന അഭിപ്രായം തന്നെയാണ് ദിയ സനയുടെയും അഭിപ്രായം.

SCROLL FOR NEXT