ഒരൊറ്റ വീഡിയോ മതി നിങ്ങളെ ലോകപ്രശസ്കരാക്കാൻ. ലോകകപ്പിനിടെ നോർവെയുടെ സൂപ്പർഹീറോ എർലിങ് ഹാലണ്ട് തരംഗമായപ്പോൾ ഹാലണ്ടിൻ്റെ രൂപസാദൃശ്യമുള്ളവർക്കും ലോട്ടറിയടിച്ചു. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരമാരെന്ന് ചോദിച്ചാൽ ഒരു പേരേ ഉള്ളൂ, നോർവെയുടെ ഗോൾ മെഷീൻ, എർലിങ് ഹാലണ്ട്. മൈതാനത്ത് ഗോളടിച്ചും മൈതാനത്തിന് പുറത്താകട്ടെ ഡീപ് ഫേക്ക് എഐ വീഡിയോകളിലൂടെയും ലോകകപ്പിലാകെ വൈറലായ താരം.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹാലണ്ടല്ല. ഹാലണ്ടിൻ്റെ മുഖസാദൃശ്യമുള്ള ഒരു റഷ്യൻ മോഡലാണ്. അനസ്താസിയയുടെ വീഡിയോ കണ്ട പലരും ആദ്യം കരുതിയത്, ഇതൊരു ഫിൽറ്ററിട്ട ഹാലണ്ടാണെന്നായിരുന്നു. പിന്നാലെ കമന്റുകൾ നിറഞ്ഞു. ഹാലണ്ടിൻ്റെ ട്വിൻ, ഫീമെയിൽ ഹാലണ്ട്, ഹാലണ്ടിൻ്റെ സഹോദരി എന്നൊക്കെയായി. ഹാലണ്ട് പ്രീമിയർ ലീഗിനിടെയുള്ള നടത്തമാണ് അനസ്താനിയുടെ ഹൈലൈറ്റ്.
ആദ്യമൊക്കെ ഹാലണ്ടുമായുള്ള താരതമ്യം താൻ അംഗീകരിച്ചിരുന്നില്ലെന്നാണ് അനസ്താസിയ പറയുന്നത്. പക്ഷേ ഇപ്പോൾ ലോകത്തിലെ മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളുമായി രൂപസാദൃശ്യം പറയപ്പെടുന്നത് അഭിമാനമായാണ് കാണുന്നത്. അതുകൊണ്ടാണ് ആ ട്രെൻഡ് ഞാനും ആസ്വദിക്കാൻ തുടങ്ങിയത്, എന്നാണ് മോഡലിൻ്റെ പ്രതികരണം. ഹേറ്റേഴ്സ് വന്നപ്പോഴാണ് വീഡിയോ ട്രെൻഡായെന്ന് മനസിലായത്. പക്ഷേ നല്ല കമൻ്റുകളാണ് കൂടുതൽ. വിമർശനങ്ങൾ തന്നെ ബാധിക്കുന്നില്ല, മറിച്ച് കൂടുതൽ ആളുകളിലേക്ക് വീഡിയോ എത്താൻ സഹായിക്കുകയാണ്, എന്നും അനസ്താസിയ പറയുന്നു. ഈ ലോകകപ്പിൽ തുടക്കം മുതൽ വമ്പൻ ടീമുകളുടെയെല്ലാം നോട്ടപ്പുള്ളിയായ ഹാലണ്ട് ആദ്യ ലോകകപ്പിനെത്തി ട്രെൻ്റിങ്ങായാണ് കളം വിട്ടത്.