ജുവല്‍ മേരി Source : Facebook
SOCIAL

"കുളിമുറിയില്‍ ഒളിഞ്ഞു നോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ", എന്താണിതൊക്കെ? മണ്ടത്തരം പറയുന്നത് ക്യൂട്ടല്ല; വിമർശനവുമായി ജുവൽ മേരി

സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് ജുവല്‍ ആങ്കറിങ്ങിന്‍റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചത്.

Author : ന്യൂസ് ഡെസ്ക്

യൂട്യൂബ് ചാനല്‍ അവതാരകരെ വിമര്‍ശിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ മനുഷ്യരെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളതാണെന്ന ബോധം ഉണ്ടാകണം എന്നാണ് ജുവല്‍ പറഞ്ഞത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ അവതാരക 'കുളിമുറിയില്‍ ഒളിഞ്ഞു നോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ' , എന്ന് ചോദിച്ചത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ജുവല്‍ മേരിയുടെ പ്രതികരണം. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് ജുവല്‍ ഈ തൊഴിലിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചത്.

ജുവല്‍ മേരിയുടെ വാക്കുകള്‍ :

ഈ ആങ്കറിങ് എന്ന തൊഴില്‍ ചെയ്യുന്നവരോടാണ് പറയാനുള്ളത്. നിങ്ങള്‍ ഒരു വാര്‍ത്താ അവതാരക ആയിക്കോട്ടെ, ഒരു ചാനല്‍ ഇന്റര്‍വ്യൂര്‍ ആയിക്കോട്ടെ, ഒരു എംസി ആയിക്കോട്ടെ, ഈ ഒരു ജോലി ചെയ്യുമ്പോള്‍ നമ്മുടെ വാക്കും ഭാഷയും ടോണും നമ്മുടെ ചോദ്യങ്ങളും ഉദ്ദേശവും മനുഷ്യരെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളതാണെന്ന ബോധം വേണം. നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ തന്നിരിക്കുന്ന ചോദ്യം എന്താണെന്ന് ആദ്യം വായിച്ചു നോക്കുക, അത് ചോദിക്കാന്‍ എന്റെ മനസാക്ഷിക്ക് നിരക്കാത്തതാണെന്ന് തോന്നുന്നെങ്കില്‍ ഞാന്‍ അത് ചോദിക്കില്ല എന്ന് പറയാനുള്ള ആര്‍ജവം ഉണ്ടാവുക.

സത്യം പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരുന്നു. എന്ത് മനുഷ്യരാണ് നിങ്ങളൊക്കെ? ഇതൊക്കെ മോശമല്ലേ? ഒരാളുടെ ചോദ്യം "ആദ്യമായി ജനിച്ച കുഞ്ഞ് മരിച്ചപ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നശിപ്പിച്ചല്ലേ" എന്നായിരുന്നു. അത് ഭയങ്കര സന്തോഷത്തിലാണ് ചോദിക്കുന്നത്. ആ ചോദ്യം ചോദിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് മനസിലായത് ആ ചോദ്യം അവര്‍ ഇതുവരെ വായിച്ചു നോക്കിയിട്ടില്ല, അതുകൊണ്ടാണ് അത് ചോദിച്ചു തുടങ്ങിയിട്ട് എനിക്ക് അത് അറിയില്ലായിരുന്നു എന്ന് പറഞ്ഞത്. അത് വായിച്ചു മനസിലാക്കേണ്ടത് ഒരു ആങ്കര്‍ എന്ന നിലയില്‍ നിങ്ങളുടെ കടമയായിരുന്നു. അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. കാരണം നിങ്ങളാണ് ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കുന്നത്. നിങ്ങള്‍ എന്താണ് ചോദിക്കാന്‍ പോകുന്നതെന്ന് വ്യക്തമായ ബോധം നിങ്ങള്‍ക്ക് ഉണ്ടാകണം.

വേറൊരു മഹത്തായ ചോദ്യം "കുളിമുറിയില്‍ ഒളിഞ്ഞു നോക്കാന്‍ പോയപ്പോള്‍ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ" എന്നാണ്. എന്താണിതൊക്കെ? അവനോ വെളിവില്ലാതെ ചെയ്ത കുറ്റകൃത്യം ഒക്കെ വിളിച്ചു പറയുന്നു, അതിനെ എങ്ങനെയാണ് ഇത്ര നിസാരവല്‍ക്കരിച്ചു ചോദ്യം ചോദിക്കുന്നത്. ആങ്കര്‍ എന്ന ആള്‍ ശമ്പളം വാങ്ങുന്ന ഒരു തൊഴിലാളി മാത്രമല്ല, നിങ്ങള്‍ ഒരു വ്യക്തിയാണ്, നിങ്ങള്‍ക്കൊരു വ്യക്തിത്വമുണ്ട്, മനഃസാക്ഷിയുണ്ട്. നിങ്ങള്‍ കുറച്ചുകൂടി വിവേകത്തോടെ പെരുമാറണം. നിങ്ങളെ കാണുന്ന മനുഷ്യര്‍ നിങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ട്, നിങ്ങളുടെ ചോദ്യങ്ങളുടെ നിലവാരമില്ലായ്മ, അതിലുള്ള ദ്വയാര്‍ഥങ്ങള്‍, അതിലുള്ള വൃത്തികേടുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്.

ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്ന, മനുഷ്യരോട് ഇടപഴകാന്‍ അറിയുന്ന മനുഷ്യത്വമുള്ള, വിവേകമുള്ള, നന്നായി വായിക്കുന്ന, കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ബുദ്ധിയുള്ള ഒരു ആങ്കര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ നിലപാടുകള്‍ ഉണ്ടാകും. ഒരു ചോദ്യം എഴുതി തരുമ്പോള്‍ ഞാന്‍ അത് ചോദിക്കില്ല അത് ശരിയല്ല എന്ന് പറയാനുള്ള ഒരു ധൈര്യം കാണിക്കണം. ഞാനൊക്കെ ഒരുപാട് വലിയ ടിവി ഷോകളും സ്റ്റേജ് ഷോകളും ഒക്കെ ചെയ്തിട്ടുണ്ട്, എത്രയോ പ്രാവശ്യം എനിക്ക് ചോദിക്കാന്‍ പറ്റാത്ത ചോദ്യങ്ങള്‍ എന്റടുത്ത് വന്നിട്ടുണ്ട്, ഞാന്‍ പറയും ചേട്ടാ ഞാന്‍ അത് ചോദിക്കില്ല കേട്ടോ, അതിനു പകരം ഞാന്‍ ഇത് ചോദിക്കാം എന്ന് പറഞ്ഞ് അവര്‍ക്ക് ഓപ്ഷന്‍സ് കൊടുക്കും, നമുക്ക് ഇങ്ങനെ ഒരു പരിപാടി പിടിക്കാം എന്ന് പറയും, അവിടെയാണ് നിങ്ങള്‍ ഒരു ക്രിയേറ്റീവ് ആയ വ്യക്തി ആവുക. അല്ലാതെ ഇങ്ങനെ ചെളിയിലും ചാണകത്തിലും കയ്യിട്ട് ഇളക്കല്ലേ, ഭയങ്കര മോശമായി വരികയാണ്. ആ ജോലിയുടെ സ്റ്റാന്‍ഡേര്‍ഡിനെ ഒന്ന് കാത്തുസൂക്ഷിക്കൂ, നിങ്ങള്‍ക്കൊക്കെ അത് സാധിക്കും. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിവേകം ഉദിക്കുമെന്നു കരുതുന്നു.

മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല, ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫണ്‍ അല്ല. തലയ്ക്കു വെളിവുള്ള മനുഷ്യര്‍ക്കു ഇതിലൊരു ആകാംഷ ഇല്ല. അവതാരകരോടാണ്, നിങ്ങളൊരു ക്യാമറയ്ക്കു മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട്. ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോള്‍ ഇതേ കഥ ജീവിതത്തില്‍ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത്. ഒളിഞ്ഞു നോട്ടത്തിലെ ആകാംക്ഷ ഇങ്ങനെ ക്യൂട്ട്‌നെസ് വാരി എറിഞ്ഞ് പ്രമോട്ട് ചെയ്യുമ്പോ എത്ര പൊട്ടന്‍ഷ്യല്‍ ക്രിമിനല്‍സിനാണ് നിങ്ങള്‍ വളം വയ്ക്കുന്നത്. ഇനിയും വൈകിയിട്ടില്ല. നല്ല വ്യക്തിത്വമുള്ളവരാവുക, നല്ല മനുഷ്യരാവുക ആദ്യം. കുറച്ച് ഏറെ പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകള്‍ക്കു അല്‍പം മൂര്‍ച്ചയുണ്ട്. ഇതിനെ ഇനി മയപ്പെടുത്തി പറയാന്‍ കഴിയില്ല.

SCROLL FOR NEXT