SOCIAL

"മണ്ണില്‍ പൂഴ്ന്ന ആ കുഞ്ഞു കണ്ണുകള്‍ മാത്രം മതി ഒരു സ്‌ഫോടനം ഹൃദയത്തില്‍ കത്തി നിൽക്കാന്‍", രഘു റായിക്ക് വിട

ഇന്ദിരാഗാന്ധി, മദര്‍ തെരേസ, ദലൈലാമ -ഇവരുടെ റായ് ചിത്രങ്ങള്‍ ലോകം ആഘോഷിച്ചെങ്കിലും, രഘുറായ് അന്വേഷിച്ചത് പ്രശസ്തരെയല്ല മനുഷ്യന്റെ ഉള്ളറകളെയാണ്.

Author : അനു പാപ്പച്ചന്‍

ഭോപ്പാല്‍ ദുരന്തചിത്രം- പകുതി തുറന്ന കണ്ണുകളോടെ മണ്ണില്‍ ഭാഗികമായി കുഴിച്ചിട്ട കുഞ്ഞിന്റെ ശരീരം ലോകം കണ്ട ദുരന്തത്തിന്റെ ഏറ്റവും പൊള്ളുന്ന ഓര്‍മ്മകളിലൊന്നാണ്. രഘു റായിയുടെ ആ ഫ്രെയിം, ആ ദുരന്തത്തിന്റെ രേഖപ്പെടുത്തല്‍ മാത്രമല്ലായിരുന്നു, മനുഷ്യജീവിതത്തിന്റെ വിലയെക്കുറിച്ചുള്ള ലോകത്തോടുള്ള നിര്‍ദയമായ ചോദ്യം കൂടിയായിരുന്നു.

മണ്ണില്‍ പൂഴ്ന്ന ആ കുഞ്ഞുകണ്ണുകള്‍ മാത്രം മതി ഒരു സ്‌ഫോടനം ഹൃദയത്തില്‍ കത്തി നില്ക്കാന്‍... ''മണ്ണിലേക്കു മടങ്ങുക മനുഷ്യാ'' എന്ന വാചകം ലോകം എത്ര ക്രൂരമായി നിറവേറ്റിയെന്ന്, ഒരു ചിത്രം പറഞ്ഞുതീര്‍ക്കുന്നു.

ഭോപ്പാൽ ദുരന്തത്തിൽ നിന്നുള്ള കാഴ്ച , രഘു റായ് പകർത്തിയ ചിത്രം

1942-ല്‍ ജനിച്ച രഘുറായ് ഫോട്ടോഗ്രാഫിയിലേക്ക് പ്ലാന്‍ ചെയ്ത് വന്നയാളല്ല. അദ്ദേഹത്തിന്റെ സഹോദരനായിരുന്നു ചിത്രങ്ങളുടെ ലോകത്തേക്ക് വാതില്‍ തുറന്നുകൊടുത്തത്. ക്യാമറ കൈയില്‍ കിട്ടിയപ്പോള്‍ ഏതൊരു കുതുകിയെയും പോലെ ഹോബിയായി തുടങ്ങിയെങ്കിലും, രഘു റായിയുടെ ജീവിതത്തിന്റെ ഭാഷ തന്നെയായി ക്യാമറ മാറി. ഇന്ദിരാഗാന്ധി, മദര്‍ തെരേസ, ദലൈലാമ -ഇവരുടെ റായ് ചിത്രങ്ങള്‍ ലോകം ആഘോഷിച്ചെങ്കിലും, രഘുറായ് അന്വേഷിച്ചത് പ്രശസ്തരെയല്ല മനുഷ്യന്റെ ഉള്ളറകളെയാണ്.

ഫോട്ടോ ജേര്‍ണലിസ്റ്റായി തുടങ്ങിയ ജീവിതം പ്രൊഫഷനലായി നിരവധി അംഗീകാരങ്ങള്‍ നേടി പ്രശസ്തമായപ്പോഴും സാമൂഹിക ജീവി എന്ന നിലയില്‍ കൂടുതല്‍ പരിവര്‍ത്തനം ചെയ്യപ്പെടാനാണ് അദ്ദേഹം ശ്രമിച്ചത്. വേദനിക്കുന്ന, പ്രതിരോധിക്കുന്ന, അതിജീവിക്കുന്ന ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞു റായ്.

രഘുറായ്

Outside the Margins - എന്ന അദ്ദേഹത്തിന്റെ ചിത്രപരമ്പരയോര്‍ക്കുന്നു. ചിത്രപുസ്തകത്തിന്റെ ആമുഖത്തില്‍ തന്റെ ഫോട്ടോഗ്രഫി ജീവിതത്തിലെ അമ്പതാണ്ടുകള്‍ വിലയിരുത്തി അദ്ദേഹം പറയുന്ന വരികളുണ്ട്; ''നമ്മുടെ രാജ്യത്തിലെ ദാരിദ്ര്യവും പട്ടിണിയും നിസഹായാവസ്ഥയും കണ്ടാല്‍, എത്ര അവസരമുണ്ടായാലും ഒരിക്കലും ചിത്രമെടുക്കാതെ എപ്പോഴും ഒഴിഞ്ഞു നിന്നിരുന്നു''. ഇവിടെ വന്ന് നമ്മുടെ തെരുവുകളുടെ ചിത്രങ്ങളെടുത്തു കൊണ്ടുപോയ വിദേശ ഫോട്ടോഗ്രഫര്‍മാരെ പരാമര്‍ശിച്ച് അദ്ദേഹം പറയുന്നു.

വാസ്തവത്തില്‍ അത്തരം പടമെടുക്കാന്‍ എളുപ്പമാണ്... പട്ടിണിയും ദുരിതങ്ങളും അങ്ങേയറ്റത്തെ വൈകാരികത കൊണ്ടുതന്നെ ആ ഫ്രെയിമുകളെ തനിയെ ഉണ്ടാക്കിയെടുക്കും. അത് പക്ഷേ ആ ചിത്രത്തിലുള്ള മനുഷ്യരുടെ ഡിഗ്‌നിറ്റിയെ ഒരു തരിമ്പു പോലും പരിഗണിക്കുന്നവയാവില്ല. അങ്ങനെയുള്ള ചിത്രങ്ങള്‍ കണ്ടു കണ്ടാണ് ഇത്തരം പടങ്ങള്‍ എടുക്കരുത് എന്ന് തീരുമാനിച്ചത്...

അനു പാപ്പച്ചൻ

പിന്നീട് ഇന്ത്യയിലെ ശിശുമരണങ്ങള്‍ക്കെതിരെ ഒരു ക്യാമ്പയിനുമായി ബന്ധപ്പെട്ട് Save the children പരമ്പരക്കായി നിയോഗിക്കപ്പെട്ട അദ്ദേഹം, ഡല്‍ഹിയിലെ ചേരികളിലേക്കിറങ്ങിയപ്പോഴുള്ള ചിത്രങ്ങളാണ് outside the Margins. ക്യാമറ എടുക്കാന്‍ പോലുമാവാതെ നിന്ന ആദ്യ ദിവസങ്ങള അദ്ദേഹം ഹൃദയവേദനയോടെ ഓര്‍മിക്കുന്നുണ്ട്. സൂപ്പര്‍ ഹൈവേകളും അലങ്കരിച്ച ഇടങ്ങളും ബഹുനില കെട്ടിടങ്ങളുമുള്ള വഴികള്‍ ക്കപ്പുറത്ത് ദാരിദ്യത്തില്‍ നിന്ന്, രോഗത്തിലേക്ക്, അവിടെ നിന്ന് മരണത്തിലേക്കുള്ള വഴികളിലെത്തുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍. നഗരത്തിന്റെ പുരോഗമനത്തിനനുസരിച്ച് ദിനംപ്രതി ഇടം മാറുന്ന അശരണരുടെ, മനുഷ്യന്‍ പോലുമായി പരിഗണിക്കപ്പെടാത്ത കുഞ്ഞുങ്ങളുടെ മുഖങ്ങള്‍.

സ്വയം വിമര്‍ശനവും സ്വയം നിയന്ത്രണവും വഴി ഫോട്ടോഗ്രാഫിയുടെ സാങ്കേതിക ശാസ്ത്രമല്ല, നീതിശാസ്ത്രം എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. സെന്‍സേഷണലിസം വിപണി ഭരിക്കുന്ന കാലത്ത് ഫോട്ടോഗ്രഫി ഒരു കല മാത്രമല്ല... അത് ഒരു ഉത്തരവാദിത്തമാണ് എന്ന് ജീവിതവും തൊഴിലും കൊണ്ട് തെളിയിച്ച രഘുറായിക്ക് വിട.

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘുറായിയെക്കുറിച്ച് എഴുത്തുകാരിയും അധ്യാപികയുമായ അനു പാപ്പച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

SCROLL FOR NEXT