വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ പലതരത്തിലാണ് ലിയോണൽ മെസിക്ക് ആരാധകർ ആദരം നൽകുന്നത്. മെസിയുടെ ഇഷ്ടവിഭവം മെസ്സിയുടെ രൂപത്തിൽ നിർമിച്ചായിരുന്നു അർജൻ്റീനയിലെ ഒരു റസ്റ്ററൻ്റിലെ ആദരം. ഇറ്റാലിയൻ വേരുകളുള്ള മിലാനേസയാണ് ഇഷ്ടതാരത്തിന് ആദരമൊരുക്കാൻ തയ്യാറാക്കിയത്.
ഇറ്റലിയിലെ മിലാനിൽ പിറവിയെടുത്ത മാംസം ചേർത്ത കട്‌ലറ്റിന് സമാനമായ ഒരു കിടിലൻ ഐറ്റം. അതാണ് ലിയോണൽ മെസിയുടെയും ഇഷ്ടവിഭവം. മെസി വിരമിക്കൽപ്രഖ്യാപിച്ചെന്ന വാർത്ത പടർന്നതോടെ ഓരോ ആരാധകരും സൂപ്പർതാരത്തിൻ്റെ ചിത്രത്തിൽ ആശംസ അറിയിക്കുന്ന തിരക്കിലായി. അർജൻ്റീനയിലെ എൽ അൻ്റോഹോ റസ്റ്ററൻ്റിൽ മെസിയെ തന്നെ നിർമിച്ച് ഷെഫ് ഡാമിയൻ സനോട്ടിയുടെ ആദരം.
നേർത്ത രീതിയിൽ അരിഞ്ഞ ബീഫോ ചിക്കനോ ഉപയോഗിച്ചാണ് സാധാരണ മിലാനേസ തയ്യാറാക്കുന്നത്. നേർത്ത ബീഫിലേക്ക് മെസ്സിയുടെ മുഖം ആലേഖനം ചെയ്തതോടെ ഡാമിയൻ്റെ സ്പെഷ്യൽ മിലാനേസയുടെ ആദ്യഘട്ടം സെറ്റായി. പിന്നെ ഉപ്പും കുരുമുളകും ഗാർലിക് പൗഡറും ഉപയോഗിച്ച് മാരിനേറ്റ് ചെയ്തു. ധാന്യപ്പൊടിയും മുട്ടയും മസാലകളും ചേർത്ത മിശ്രിതം പുരട്ടി. മുകളിലേക്ക് ബ്രഡ് ക്രംപ്സും ചേർത്ത് വറുത്തെടുത്തതോടെ മിലാനേസ തയ്യാർ.
വീഡിയോ പുറത്തുവന്നതോടെ സ്പെഷ്യൽ മിലാനേസ ആഗോളതലത്തിൽ ഹിറ്റായി. നിരവധിപ്പേരാണ് വീഡിയോൽ പ്രതികരണവുമായെത്തിയിരിക്കുന്നത്. പല തരത്തിൽ ആരാധകർ താരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാറുണ്ടെങ്കിലും ഇത് വ്യത്യസ്തവും മനോഹരവുമായെന്നാണ് ഏറെപ്പേരും കമന്റ് ചെയ്തിരിക്കുന്നത്.