കളിക്കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ കാല്‍ നഷ്ടപ്പെട്ട അശ്വതി ചേച്ചിയും ചേച്ചിയെ പ്രണയിച്ച രാഹുലിന്റെയും കഥയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായത്. രാഹുല്‍ എന്ന യുവാവിന്റെ പ്രണയ കഥ എന്ന രീതിയിലായിരുന്നു കുറിപ്പ് വന്നത്. ഒപ്പം വീല്‍ചെയറില്‍ ഇരിക്കുന്ന യുവതിയും ഒപ്പം ഒരു യുവാവിന്റേയും ചിത്രവും.
രാഹുല്‍ എന്ന യുവാവ് സ്വന്തം അനുഭവം പങ്കുവെക്കുന്നു എന്ന തരത്തിലായിരുന്നു പോസ്റ്റുണ്ടായിരുന്നത്. ഫോട്ടോയും ഒപ്പം കരളലിയിപ്പിക്കുന്ന പ്രണയകഥയും വായിച്ചവരെല്ലാം കഥ യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പിച്ചു. കമന്റുകള്‍ വായിച്ചാല്‍ ഇത് വ്യക്തമാകും. 3700 ല്‍ അധികം ഷെയറും പതിനായിരത്തിന് മുകളില്‍ കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. കമന്റില്‍ ഭൂരിഭാഗവും കാല്‍ നഷ്ടപ്പെട്ട അശ്വതി ചേച്ചിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പ്രായത്തില്‍ അഞ്ച് വയസ്സ് ഇളയ രാഹുലിനേയും പിന്തുണച്ചും അഭിനന്ദിച്ചുമുള്ളതായിരുന്നു.
എന്നാല്‍ കഥയും ഒപ്പമുള്ള ചിത്രവും പൂര്‍ണമായും എഐ ആണ്. ഇത് മനസിലാക്കാതെയാണ് പലരും അഭിനന്ദിച്ചും പിന്തുണച്ചും കമന്റുകളിട്ടത്. എഐ ആണെന്ന് വ്യക്തമാക്കുന്നതൊന്നും കഥയിലോ ചിത്രത്തിലോ ഉണ്ടായിരുന്നില്ല. ഇതും തെറ്റിദ്ധാരണയ്ക്ക് കാരണമായി.
കമന്റില്‍ ചിലത് ഇങ്ങനെ,
പേജിന്റെ അഡ്മിനോട് ഒരു അഭ്യര്‍ത്ഥന
ഇതാരാണ് ?
എവിടെയുള്ളവരാണ് ?
അഹ ചിത്രവും പേജിന് റീച്ചിന് വേണ്ടിയുള്ള സാങ്കല്പിക കഥയും അല്ലെങ്കില്‍ ഇവരുടെ ഡീറ്റയില്‍സ് ഒന്ന് ഇന്‍ബോക്‌സില്‍ തരണേ.
പോസ്റ്റ് വായിച്ചപ്പോഴും ഫോട്ടോ കണ്ടപ്പോഴും രക്തബന്ധത്തേക്കാള്‍ വലിയ ഒരു ബന്ധം സഹോദരി സഹോദര ബന്ധം ഞാന്‍ കണ്ടു.. ഫോട്ടോ സൂക്ഷിച്ചു നോക്കിയാല്‍ ചേച്ചിയും അനിയനും ആണെന്ന് പറയൂ.. പക്ഷേ നിങ്ങളുടെ തീരുമാനം വിവാഹമെന്നു ആണെങ്കില്‍ മുന്നോട്ടുപോവുക എല്ലാവിധ ആശംസകളും..
ഇനി ചേച്ചിയെന്ന് വിളിക്കേണ്ട പ്രണയത്തില്‍ പൊതിഞ്ഞ മറ്റൊരു പേര് കണ്ടെടുത്തു - ഗംഭീര തീരുമാനം
ഇങ്ങനെ നീളുന്നു കമന്റുകള്‍. ചിത്രവും കഥയും എഐ ആണെന്ന് വ്യക്തമായതോടെ, വിമര്‍ശിക്കുന്നവും കുറവല്ല.