SOCIAL

'പോയി കളിക്കുകയോ വായിക്കുകയോ ചെയ്യൂ'; കൗമാരക്കാരെ സോഷ്യല്‍മീഡിയയില്‍ നിന്ന് വിലക്കിയതിനു ശേഷം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

അഭിമാനകരമായ ദിനം എന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വിശേഷിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ. ടിക് ടോക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകള്‍ക്കാണ് വിലക്ക്. ഇന്നലെ രാത്രി മുതലാണ് വിലക്ക് നിലവില്‍ വന്നത്.

കുട്ടികളെ ബ്ലോക്ക് ചെയ്യണമെന്ന് പത്തോളം പ്ലാറ്റ്‌ഫോമുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിയമം ലംഘിച്ചാല്‍ കനത്ത പിഴ ചുമത്തും. 296.53 കോടി രൂപയാണ് പിഴ.

നിയമത്തെ അനുകൂലിച്ച കുടുംബങ്ങള്‍ക്ക് അഭിമാനകരമായ ദിനം എന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വിശേഷിപ്പിച്ചത്. ടെക് ഭീമന്മാരില്‍ നിന്ന് ഓസ്‌ട്രേലിയയിലെ കുടുംബങ്ങള്‍ അധികാരം തിരിച്ചുപിടിച്ച ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യയ്ക്ക് അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെങ്കിലും സ്വന്തം വിധി മനുഷ്യര്‍ നിയന്ത്രിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കേണ്ടതുണ്ടെന്നും അതാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അല്‍ബനീസ് പറഞ്ഞു.

കുട്ടികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ സന്ദേശം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും. ഓസ്‌ട്രേലിയയില്‍ ഈ മാസം അവസാനത്തോടെ സ്‌കൂള്‍ വേനലവധി ആരംഭിക്കുകയാണ്. ഗാഡ്ജറ്റുകളില്‍ ചെലവഴിക്കുന്ന സമയം കളിക്കളത്തിലേക്കോ പുസ്തക വായനയ്ക്കായോ സംഗീത ഉപകരണം പഠിക്കാനോ ഉപയോഗിക്കണമെന്നാണ് പ്രധാനമന്ത്രി തന്റെ സന്ദേശത്തില്‍ പറയുന്നത്.

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനായാണ് 16 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കിയത്. മൊബൈല്‍ സ്‌ക്രീനുകളോടുള്ള ആസക്തിയെ സിഗരറ്റും മദ്യവും ഉപയോഗിക്കുന്നതുമായാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ താരതമ്യപ്പെടുത്തുന്നത്.

അതേസമയം, ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയയുടെ നടപടി സദുദ്ദേശ്യപരമാണെങ്കിലും അതുകൊണ്ടൊന്നും കുട്ടികള്‍ ഓണ്‍ലൈനില്‍ സുരക്ഷിതരാകില്ലെന്നായിരുന്നു യൂട്യൂബിന്റെ മുന്നറിയിപ്പ്. ഇത് തങ്ങളുടെ തീരുമാനമല്ലെന്നും ഓസ്‌ട്രേലിയന്‍ നിയമം ആവശ്യപ്പെടുന്ന കാര്യമാണെന്നും ഇലോണ്‍ മസ്‌കും പ്രതികരിച്ചിരുന്നു.

എന്നാല്‍, ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടിയുടോ അനുകൂല സമീപനമാണ് മറ്റ് പല രാജ്യങ്ങളും സ്വീകരിച്ചത്. ഓസ്‌ട്രേലിയന്‍ മോഡല്‍ പഠിക്കുകയും വേണ്ടി വന്നാല്‍ നടപ്പിലാക്കുമെന്നുമാണ് ഡെന്മാര്‍ക്ക്, ന്യൂസിലന്‍ഡ്, മലേഷ്യ പോലുള്ള രാജ്യങ്ങള്‍ പറഞ്ഞത്.

SCROLL FOR NEXT