പ്രതീകാത്മക ചിത്രം Source: Freepik
SOCIAL

നോണ്‍ വെജിറ്റേറിയനാണോ? 'വാടക വീട് തേടുന്നവര്‍ക്ക് ഹാനികരമെന്ന്' യുവാവ്; അനുകൂലിച്ചും എതിര്‍ത്തും നെറ്റിസണ്‍സ്

"അവരുടെ പ്രോപ്പര്‍ട്ടിയില്‍ നോണ്‍ വെജ് കഴിക്കുന്നവര്‍ വേണ്ട എന്ന് പറയാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന" വാദത്തെ പിന്തുണക്കുന്നവരും ഏറെയുണ്ട്.

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ മെട്രോ നഗരങ്ങളില്‍ വീടോ ഫ്ലാറ്റോ വാടകയ്ക്ക് നോക്കുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. വീട്ടുടമകളുടെ നിര്‍ബന്ധബുദ്ധിയും, കര്‍ശനവും ചിലപ്പോഴൊക്കെ വിചിത്രവുമായ ഉപാധികളുമൊക്കെയാണ് വാര്‍ത്തകള്‍ക്ക് കാരണമാകുന്നത്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വീട് അന്വേഷിച്ചയാളോട്, 'വെജിറ്റേറിയന്‍ ഫാമിലിക്ക് മാത്രം' എന്നുള്ള വീട്ടുടമയുടെ മറുപടിയുടെ സ്ക്രീന്‍ ഷോട്ടാണ് ചര്‍ച്ചയ്ക്ക് ആധാരം.

പ്രശാന്ത് രംഗസ്വാമി എന്നയാളാണ് എക്സില്‍ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. 'Sorry sir. Looking at veg only families' എന്ന വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടാണ് പ്രശാന്ത് ഷെയര്‍ ചെയ്തിരിക്കുന്നത്. "ചെന്നൈയിൽ വാടകയ്ക്ക് ഫ്ലാറ്റുകൾ കണ്ടെത്തുന്നതിന് മാംസാഹാരം കഴിക്കുന്നത് ഹാനികരം" എന്ന കുറിപ്പോടെയാണ് പ്രശാന്തിന്റെ പോസ്റ്റ്. ഇതാണ് സമൂഹമാധ്യങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായത്.

"എന്റെ ജീവിതകാലമത്രയും ഞാൻ സസ്യാഹാരിയായിരുന്നു. യൂറോപ്പിൽ മാംസാഹാരികളുടെ നടുവിലായിരുന്നു ഞാൻ ജീവിച്ചത്. അതിനാൽ, ഇത്തരം നിയന്ത്രണങ്ങൾ വളരെ കഷ്ടമാണെന്ന് ഞാൻ കരുതുന്നു. എനിക്കറിയാവുന്നിടത്തോളം, വ്യക്തി ധാർമികതയുമായി ബന്ധപ്പെട്ടുള്ള ഭക്ഷണക്രമത്തിന്റെ ഭാഗമായാണ് ആളുകള്‍ സസ്യാഹാരം തിരഞ്ഞെടുക്കുന്നത്" -എക്സില്‍ ഒരാള്‍ മറുപടി എഴുതി.

"സമ്പന്ന മേഖലയിലെ സസ്യാഹാരികളായ വീട്ടുടമസ്ഥര്‍ക്ക് ഒന്നിലധികം അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ളതാണ് പ്രശ്നം. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് ഫ്ലാറ്റ് ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന്" മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നു. "വാടക മറക്കൂ... ചിലര്‍ ഫ്ലാറ്റുകള്‍ വാങ്ങാന്‍ പോലും അനുവദിക്കുന്നില്ല. ഇതൊക്കെയൊന്ന് നേരെയായി വരാന്‍ ഇനിയും രണ്ട് മൂന്ന് തലമുറകള്‍ കൂടി വേണ്ടിവരുമെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

"ഭക്ഷണം മാത്രമല്ല, ജാതിയും മതവുമൊക്കെ വാടക വീട് കിട്ടാന്‍ പ്രശ്നമാണെന്ന്" ചിലര്‍ ചൂണ്ടിക്കാട്ടുന്നു. "നിങ്ങളൊരു മുസ്ലീമാണോ എന്നൊരു ചോദ്യം ഉയരും. അതെ എന്നാണെങ്കില്‍, ക്ഷമിക്കണം ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വീട് വാടകയ്ക്ക് കൊടുക്കാറില്ല എന്നൊരു മറുപടി ഉടനെത്തും" എന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു.

"ഞാന്‍ നോണ്‍ വെജ് കഴിക്കുന്നയാളാണ്. പക്ഷേ, മറ്റൊരാളുടെ സ്വത്തില്‍ താമസിക്കുമ്പോള്‍ അവര്‍ പറയുന്നതു കൂടി കേള്‍ക്കേണ്ടേ" എന്ന യുക്തി പങ്കുവക്കുന്നവരുമുണ്ട്. "അവരുടെ പ്രോപ്പര്‍ട്ടിയില്‍ നോണ്‍ വെജ് കഴിക്കുന്നവര്‍ വേണ്ട എന്ന് പറയാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന" വാദത്തെ പിന്തുണക്കുന്നവര്‍ ഏറെയുണ്ട്. "തന്റെ വീട്ടില്‍ ഏതുതരം വാടകക്കാര്‍ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശവും വീട്ടുടമയ്ക്കാണ്. മറിച്ചുള്ള ചര്‍ച്ചകള്‍ തെറ്റും യുക്തിരഹിതവുമാണ്" എന്ന വാദവും ചൂടുപിടിക്കുന്നുണ്ട്.

"എനിക്ക് സസ്യാഹാരികളായ നിരവധി കൂട്ടുകാരുണ്ട്. മാംസം പാകം ചെയ്യുന്നതിന്റെ മണം പോലും അവര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ബീഫും മട്ടണുമൊക്കെ പാകം ചെയ്യുന്നതിന്റെയടുത്ത് ആരെയെങ്കിലും നിര്‍ബന്ധിപ്പിച്ച് താമസിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല" എന്ന് പ്രതികിച്ചവരുമുണ്ട്.

SCROLL FOR NEXT